ബ്രസല്‍സിലെ സ്‌ഫോടനം; ഖത്തറില്‍ നിന്നുള്ളവര്‍ സുരക്ഷിതര്‍

ദോഹ: ബെല്‍ജിയത്തിലെ ബ്രസല്‍സ് വിമാനത്താവളത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്കോ വിമാനങ്ങള്‍ക്കോ അപായമൊന്നും പറ്റിയിട്ടില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. എന്നാല്‍, അങ്ങോട്ടുള്ള വിമാന സേവനത്തെ സംഭവം ബാധിച്ചിട്ടുണ്ട്. ബ്രസല്‍സ് സാവെന്റം വിമാനത്താവളത്തിലും മയല്‍ബീക് മെട്രോ സ്‌റ്റേഷനിലുമുണ്ടായ സ്‌ഫോടനത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഖത്തര്‍ എയര്‍വെയ്‌സ് ബെല്‍ജിയത്തിലേക്ക് ദിവസേന സര്‍വീസ് നടത്തുന്നുണ്ട്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് ദോഹയില്‍ നിന്നുള്ളവര്‍ അവിടെ എത്തിയത്. ഇവരില്‍ നിന്നുള്ള ചില യാത്രക്കാര്‍ ആ സമത്ത് ഡിപാര്‍ച്ചര്‍ ടെര്‍മിനല്‍ ഉണ്ടായിരുന്നിരിക്കാം എന്നാണു കരുതുന്നത്. ഇതിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ദോഹയിലേക്ക് തിരിച്ചുവരുന്ന വിമാനം വൈകുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ബ്രസല്‍സ് വിമാനം അടച്ചിടുന്നതിനാല്‍ മറ്റ് വിമാനങ്ങളെയും ബാധിച്ചേക്കാമെന്നാണ് കരുതുന്നത്.
അതേ സമയം, ബ്രസല്‍സിലുള്ള ഖത്തരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതായി ഖത്തര്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സുരക്ഷാ വകുപ്പുകളുമായി എംബസി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായും ഖത്തരികളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കുന്നതായും എംബസി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ബെല്‍ജിയത്തിലെ ഖത്തരികളോട് ജാഗ്രത പാലിക്കാന്‍ എംബസി ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് നിന്ന് അകന്നുനില്‍ക്കാനും പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്നും എംബസി അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഖത്തര്‍ അപലപിച്ചു
ദോഹ: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെ രാവിലെ നടന്ന ബോംബ് സ്‌ഫോടനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. എല്ലാ മാനുഷിക തത്വങ്ങളെയും നിഷ്ഫലമാക്കുന്ന ഇത്തരം അക്രമങ്ങള്‍ ശക്തിയായി അപലപിക്കപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജ്യാന്തര സമാധാനത്തിനു തുരങ്കം വയ്ക്കാനാണ് നിരപരാധികളെ ലക്ഷ്യമാക്കിയുള്ള ഈ ആക്രമണം.
എല്ലാ അക്രമങ്ങളെയും നേരിടുന്നതിനു ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം ബെല്‍ജിയത്തോടൊപ്പമുണ്ടെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ ഉറപ്പുനല്‍കി. അക്രമത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.

RELATED STORIES

Share it
Top