ബോള്‍ട്ടന്റെയും പോംപിയുടെയും നിയമനത്തിനെതിരേ ഇറാന്‍

തെഹ്‌റാന്‍: കടുംപിടിത്തക്കാരായ രണ്ടുപേരെ ഭരണകൂടത്തില്‍ ഉള്‍പ്പെടുത്തിയത് ട്രംപ് ഇറാനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണെന്ന് ഇറാന്‍ ദേശീയ സുരക്ഷാ സമിതി വക്താവ് ഹുസയ്ന്‍ നഖവി ഹുസയ്‌നി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടനെ നിയമിച്ചത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ സായുധസംഘവുമായി ബോള്‍ട്ടന് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടനെയും വിദേശ കാര്യ സെക്രട്ടറിയായി മൈക്ക് പോംപിയെയും നിയമി—ച്ചതിന്റെ പ്രധാന ഉദ്ദേശ്യം ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കലാണെന്നും ഇസ്‌ന വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ഹുസയ്ന്‍ ആരോപിച്ചു.
ഭീകരസംഘടനകളുടെ പട്ടികയില്‍ പേരുള്ള മുജാഹിദീനെ ഖല്‍ക്ക് (മെക്) സംഘടനയുമായി ബോള്‍ട്ടിന് ബന്ധമുണ്ടെന്നും അവരില്‍ നിന്നു പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നും ഇറാന്‍ സുപ്രിം നാഷനല്‍ സെക്യൂരിറ്റി  കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും ആരോപിച്ചു. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യുഎസ് മെകിനെ ഉപയോഗപ്പെടുത്തുകയാണെന്നും ഇറാന്‍ ആരോപിച്ചു. ഇറാനില്‍ ഭരണമാറ്റത്തിനു വേണ്ടി ശക്തമായി വാദിക്കുന്നയാളാണ് ബോള്‍ട്ടന്‍. 2015ലെ ആണവകരാറിനെ ബോള്‍ട്ടന്‍ എതിര്‍ത്തിരുന്നു. ഉത്തര കൊറിയക്കെതിരേ സൈനിക നടപടി സ്വീകരിക്കണമെന്നും  ബോള്‍ട്ടന്‍ വാദിക്കുന്നുണ്ട്.

RELATED STORIES

Share it
Top