ബോളിവുഡ് നടന്‍ നീരജ് വോറ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകനുമായ നീരജ് വോറ (54) അന്തരിച്ചു. ഒരു വര്‍ഷത്തിലേറെക്കാലം അബോധാവസ്ഥയിലായിരുന്ന വോറയുടെ അന്ത്യം ഇന്നലെ രാവിലെ ആശുപത്രിയില്‍ വച്ചായിരുന്നു. ബോളിവുഡ് ചിത്രങ്ങളായ സത്യ, ഫിര്‍ ഹേരഫേരി, ദൗദ് എന്നിവയിലൂടെയാണ് വോറ സിനിമാരംഗത്ത് പ്രസിദ്ധനായത്. ഹേരഫേരി, ഫിര്‍ ഹേരഫേരി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പരേഷ് റാവല്‍ ആണ് വോറയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 2016 ഒക്ടോബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അബോധാവസ്ഥയിലായത്. ചലച്ചിത്ര നിര്‍മാതാവായ ഫിറോസ് നാദിയ ദ്വാലയുടെ വീട്ടിലായിരുന്നു വോറ പിന്നീട് താമസിച്ചത്. നാദിയ ദ്വാല, വോറയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അദ്ദേഹത്തിനായി ഒരു മുറി ഐസിയു ആക്കി മാറ്റുകയുമായിരുന്നു. മൃതദേഹം ഇന്നലെ ഉച്ചതിരിഞ്ഞ് അടക്കം ചെയ്തു. സംവിധായകനായ കേതന്‍ മേത്തയുടെ ഹോളി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്. ആമിര്‍ ഖാന്റെ ഒപ്പമായിരുന്നു ആദ്യ അഭിനയം. അനില്‍ കപൂര്‍ നായകനായ വെല്‍കം ബാക്ക് ആണ് അവസാന ചിത്രം.

RELATED STORIES

Share it
Top