ബോണ്ട് വ്യവസ്ഥ: വീണ്ടും സമരംആരംഭിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വഴങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തു സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ബോണ്ട് വിഷയം പരിശോധിക്കുന്നതിനു ചേര്‍ന്ന കമ്മിറ്റിയുടെ യോഗത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി രേഖാമൂലം അറിയിച്ചത്. ബോണ്ട് വ്യവസ്ഥയില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് സമരക്കാര്‍ നിലപാട് മയപ്പെടുത്തിയത്. പിജി ഡോക്ടര്‍മാരുടെ ബോണ്ട് ഒരു വര്‍ഷത്തില്‍ നിന്ന് ആറുമാസമായി കുറയ്ക്കും. സൂപര്‍ സ്‌പെഷ്യാലിറ്റികളിലെ ബോണ്ട് വ്യവസ്ഥ മൂന്നു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബോണ്ട് കാലാവധി 3 വര്‍ഷം എന്നുള്ളത് 1 വര്‍ഷമാക്കും.  സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെയും ലഭ്യമായ ഡോക്ടര്‍മാരുടെയും എണ്ണം കണക്കാക്കി നേരത്തേ ബോണ്ട് പൂര്‍ത്തിയാക്കിയവരെ കഴിയുമെങ്കില്‍ ഒഴിവാക്കും. എംഡി/എംഎസ് കഴിഞ്ഞാല്‍ നിര്‍ബന്ധിത ബോണ്ട് 6 മാസമാക്കും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു കഴിഞ്ഞദിവസം സമരം അവസാനിപ്പിച്ചെന്ന് സമരനേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ വീണ്ടും തുടരുകയായിരുന്നു. മന്ത്രിയില്‍ നിന്ന് ഉറപ്പൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഒപിയിലും വാര്‍ഡിലും ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം തുടര്‍ന്നത്. ഇതിനു പിന്നാലെ, ജോലിക്കു ഹാജരാവാത്ത ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അഡീ. സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്തിയത്. അതേസമയം, പിജി ഡോക്ടര്‍മാരുടെ സമരം ഒപി, വാര്‍ഡ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിന് ആരോഗ്യവകുപ്പ് ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യന്താപേക്ഷിത സാഹചര്യങ്ങളില്‍ മാത്രമേ രോഗികളെ അയക്കാവൂ. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയായിരുന്നു സമരം ആരംഭിച്ചത്.

RELATED STORIES

Share it
Top