ബോണക്കാട് സംഘര്‍ഷം; സമരാഹ്വാനവുമായി ലത്തീന്‍ സഭയുടെ ഇടയലേഖനം

തിരുവനന്തപുരം: ബോണക്കാട് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരേ സമരം കടുപ്പിച്ച് ലത്തീന്‍ സഭ. സമരാഹ്വാനവുമായി നെയ്യാറ്റിന്‍കര രൂപതയിലെ പള്ളികളില്‍ ഇന്നലെ ഇടയലേഖനം വായിച്ചു. കുരിശു തകര്‍ത്ത വര്‍ഗീയശക്തികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി. ബോണക്കാട് കുരിശുമലയിലേക്കു പോയ വിശ്വാസികളെ തല്ലിച്ചതച്ച പോലിസ് നടപടിക്ക് സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്നാണ് ലത്തീന്‍ സഭയുടെ വിലയിരുത്തല്‍. കുരിശ് തകര്‍ത്ത സാമൂഹികവിരുദ്ധരെ വനംവകുപ്പും പോലിസും സംരക്ഷിക്കുകയാണെന്നും സഭ ആരോപിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം ഉറപ്പു നല്‍കിയ സര്‍ക്കാര്‍ അതു പാലിക്കാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നുമുള്ള വിലയിരുത്തലിലാണ് ഇടയലേഖനത്തിലൂടെ പ്രത്യക്ഷ സമരത്തിന് സഭ ആഹ്വാനം ചെയ്യുന്നത്. നീതിയും ന്യായവും പുലര്‍ത്താന്‍ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. സമരത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇടയലേഖനം വായിക്കുന്നതിനു മുന്നോടിയായി രൂപതയിലെ വിവിധ ഇടവകകളില്‍ ശനിയാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നാളെ നടക്കുന്ന സെക്രേട്ടറിയറ്റ് ഉപരോധമാണ് പ്രത്യക്ഷ സമരത്തിന്റെ തുടക്കം. ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം ഉദ്ഘാടനം ചെയ്യുന്ന ഉപവാസസമരത്തില്‍ നൂറുകണക്കിന് വൈദികരും വിശ്വാസികളും പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്നും സഭ ആവശ്യപ്പെടുന്നുണ്ട്.

RELATED STORIES

Share it
Top