ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി

ട്രിപോളി: കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. ലിബിയന്‍ തീരദേശസേനയാണ് ഇത് അറിയിച്ചത്. 14 പേരെ രക്ഷപ്പെടുത്തി തലസ്ഥാനമായ ട്രിപ്പോളിയില്‍ എത്തിച്ചുവെന്നും അറിയിച്ചു.
ബോട്ടില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ വിവരമില്ല.  യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറ്റക്കാര്‍ കടലിലൂടെ കടക്കാന്‍ ശ്രമിക്കുന്നത് ലിബിയയില്‍ നിന്നാണ്. കുടിയേറ്റക്കാര്‍ക്ക് യാത്രയ്ക്കായി ദുര്‍ബലമായ ബോട്ടുകള്‍ നല്‍കുന്നത് കള്ളക്കടത്തുസംഘമാണ്. യാത്രയില്‍ മറ്റ് രാജ്യങ്ങളിലെ കപ്പലുകള്‍ ഇവര്‍ക്ക് അഭയം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍ ലിബിയ വിടുന്നത്. എന്നാല്‍ ഇത്തരം യാത്രകള്‍ അപകടത്തില്‍ ചെന്ന് അവസാനിക്കുകയാണ് പതിവ്. 2014 മുതലുള്ള കണക്കുകള്‍ പ്രകാരം 6,50,000 പേര്‍ ലിബിയയില്‍ നിന്ന് കടല്‍വഴി കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇറ്റലിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മനുഷ്യക്കടത്ത് കഴിഞ്ഞ മാസങ്ങളില്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 11,400 പേര്‍ ലിബിയയില്‍ നിന്ന് കുടിയേറ്റക്കാരായി ഈവര്‍ഷം ഇറ്റലിയില്‍ എത്തിയതായി ഇറ്റലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2016-17 വര്‍ഷത്തെ അപേക്ഷിച്ച് ആളുകളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ കുറവാണുള്ളത്.

RELATED STORIES

Share it
Top