ബോട്ടുകളുടെ അനിശ്ചിതകാല സമരം: മല്‍സ്യത്തിന്റെ വരവ് കുത്തനെ കുറഞ്ഞു

പഴയങ്ങാടി: മല്‍സ്യബന്ധന ബോട്ടുകളുടെ അനിശ്ചിതകാല സമരം അഞ്ചുദിവസം പിന്നിട്ടതോടെ ജില്ലയിലേക്കുള്ള മല്‍സ്യത്തിന്റെ വരവ് കുത്തനെ കുറഞ്ഞു.
ബോട്ടുകളുടെ സമരത്തിനൊപ്പം വള്ളങ്ങളിലും തോണികളിലും മല്‍സ്യബന്ധനം നടത്തിയിരുന്ന പരമ്പരാഗത തൊഴിലാളികളും പങ്ക് ചേര്‍ന്നതോടെ ഹാര്‍ബറുകള്‍ പോലും നിശ്ചലമായിരിക്കുകയാണ്. വന്‍കിടക്കാരായ മൊത്ത വില്‍പനക്കാര്‍ മാത്രമാണ് ജില്ലയിലേക്ക് മല്‍സ്യമെത്തിക്കുന്നത്. മംഗലാപുരം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാന തുറമുഖങ്ങളില്‍ നിന്നുള്ളതാണ് ഈ മല്‍സ്യങ്ങള്‍. ലഭ്യത കുറഞ്ഞതോടെ മീന്‍വിലയില്‍ 40 രൂപ മുതല്‍ 100 രൂപ വരെ വര്‍ധനയുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു.
വള്ളങ്ങളിലും തോണികളിലും മല്‍സ്യബന്ധം നടത്തിയിരുന്ന പരമ്പരാഗത തൊഴിലാളികള്‍ മാത്രമായിരുന്നു ബോട്ട് സമരം തുടങ്ങിയശേഷം കടലില്‍ പോയിരുന്നത്. എന്നാല്‍ ഇവരും പണിമുടക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. വള്ളങ്ങളെ ആശ്രയിച്ച് കച്ചവടം നടത്തിയിരുന്ന നാടന്‍ മീന്‍ കേന്ദ്രങ്ങളും കഴിഞ്ഞ ദിവസം മുതല്‍ അടച്ചു പൂട്ടിത്തുടങ്ങി. ചെറുകിട വ്യാപാരികളും കച്ചവടം അവസാനിപ്പിച്ചിരിക്കുകയാണ്.
ജില്ലയിലെ മല്‍സ്യ വില്‍പന സ്റ്റാളുകളില്‍ പണിയെടുക്കുന്നവരും നാട്ടിന്‍പുറങ്ങളിലൂടെ സൈക്കിളിലും ബൈക്കുകളിലുമടക്കം മീന്‍കച്ചവടം നടത്തുന്നവരും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഒരാഴ്ച മുമ്പ് 40 രൂപയ്ക്കു ലഭിച്ചിരുന്ന മത്തിക്ക് ഇപ്പോള്‍ 80 രൂപ നല്‍കണം. 100 രൂപയ്ക്കു വിറ്റിരുന്ന അയലയുടെ വില 140 രൂപ മുതല്‍ 160 രൂപ വരെയാണ്. സമരം നീളുകയാണെങ്കില്‍ മീന്‍വില ക്രമാതീതമായി ഉയരും.

RELATED STORIES

Share it
Top