ബോട്ടുകളില്‍ ഒന്ന് വൈക്കത്തേക്ക് മാറ്റിയതില്‍ പ്രതിഷേധം

മട്ടാഞ്ചേരി: കൊച്ചിയിലെ പുതുവല്‍സരാഘോഷമായ കൊച്ചിന്‍ കാര്‍ണിവല്‍ ഇന്ന് ആരംഭിക്കുമ്പോള്‍ ഫോര്‍ട്ടുകൊച്ചി-എറണാകുളം ജലപാതയില്‍ സര്‍വീസ് നടത്തിയിരുന്ന എസ് 36 ബോട്ട് വൈക്കത്തേക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തമായി. ആവശ്യത്തിന് ബോട്ടുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് യാത്രാക്ലേശംമൂലം പൊതുജനം വലയുമ്പോഴാണ് നിലവിലെ സൗകര്യങ്ങള്‍കൂടി ഹനിക്കുന്ന നടപടികള്‍ ഉണ്ടായിരിക്കുന്നത്. കൂടാതെ ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വിദേശസഞ്ചാരികളുടെയും തിരക്കുവര്‍ധിച്ച സാഹചര്യത്തിലാണ് ബോട്ട് പിന്‍വലിച്ചിരിക്കുന്നത്.എംഎല്‍എ മാരായ കെ ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കൊച്ചിയില്‍ നിന്നും അഷ്ടമിക്കായി ബോട്ട് പിന്‍വലിക്കില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. ജനപ്രതിനിധികളുടെ വാക്കിനു പോലും ഉദ്യോഗസ്ഥര്‍ വില കല്‍പ്പിക്കാത്ത സാഹചര്യമാണെന്ന്് പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം എം അബ്ബാസ് പറഞ്ഞു. ബോട്ട്‌സര്‍വീസ് സമയപട്ടിക പ്രകാരമെങ്കിലും ഓടിക്കാന്‍ നടപടിയുണ്ടാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top