ബോക്കോ ഹറാം ശക്തിപ്പെടാന്‍ കാരണം സൈനികാതിക്രമങ്ങള്‍

ബെയ്‌റൂത്ത്: നൈജീരിയയില്‍ ബോക്കോ ഹറാം പോലുള്ള തീവ്ര സലഫി സായുധസംഘങ്ങള്‍ ശക്തിപ്പെടാനുള്ള പ്രധാന കാരണം നൈജീരിയന്‍ സൈന്യത്തിന്റെ അതിക്രമങ്ങളാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപോര്‍ട്ട്. ക്യാംപുകളില്‍ തടവുകാരാക്കപ്പെട്ട ആയിരക്കണക്കിനാളുകള്‍ക്കു മതിയായ ഭക്ഷണമോ, മരുന്നോ ലഭിക്കുന്നില്ല. നൂറുകണക്കിനാളുകള്‍ പട്ടിണി കാരണമോ, ചികില്‍സ ലഭിക്കാത്തതു മൂലമോ മരണമടഞ്ഞിട്ടുണ്ടെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും സൈനികര്‍ ബലാല്‍സംഗം ചെയ്യുന്നത് അപൂര്‍വമല്ലെന്നും റിപോര്‍ട്ട് പറയുന്നു.
വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരിക്ക് സമീപത്തായി ബോക്കോ ഹറാമിന്റെ സ്വാധീനം തടയാനായാണു സൈന്യം ക്യാംപുകള്‍ സ്ഥാപിച്ചിരുന്നത്. പീഡനം കാരണം ക്യാംപുകള്‍ ഫലത്തില്‍ ബോക്കോ ഹറാമിന്റെ യും അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഇസ്്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കയുടെയും (ഐഎസ്ഡബ്ല്യുഎപി) റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
യുഎന്‍ഡിപിയുടെ പഠന പ്രകാരം സുരക്ഷാ സൈനികരെ ഭയന്നാണ് 70 ശതമാനം പേരും ജിഹാദി സായുധസംഘങ്ങളില്‍ ചേരുന്നത്. പരമ ദരിദ്രരായ അവര്‍ക്ക് പട്ടിണിയില്‍ നിന്നു രക്ഷപ്പെടാന്‍ സായുധസംഘങ്ങള്‍ നല്‍കുന്ന സഹായം പ്രധാനമാണ്. മൈദുഗുരിയിലും സമീപദേശങ്ങളിലും താരതമ്യേന സുരക്ഷ ഉറപ്പാക്കുന്നതും ബോക്കോഹറാം സായുധസംഘങ്ങളാണ്.
രണ്ടു വര്‍ഷം മുമ്പ് വടക്കുകിഴക്കന്‍ മേഖല വികസിപ്പിക്കുന്നതിനു നാലു വാല്യങ്ങളുള്ള ഒരു പദ്ധതി രേഖ നൈജീരിയന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയിരുന്നുവെങ്കിലും ചെറിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വരെ ഇപ്പോള്‍ അന്താരാഷ്ട്ര ഏജന്‍സികളാണ് നടത്തുന്നത്.
വ്യക്തിപ്രഭാവം ഏറെയുള്ള മുഹമ്മദ് യൂസുഫ് എന്ന മതപ്രഭാഷകനാണ് 2002ല്‍ ബോക്കോ ഹറാമിന് രൂപംനല്‍കിയത്. സൈന്യത്തിന്റെ പിടിയിലായ യൂസുഫിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. യൂസുഫിന്റെ പിന്‍ഗാമിയായ അബൂബക്കര്‍ ശെഖാവൂവിന്റെ അനുയായികള്‍ വടക്കുകിഴക്കന്‍ നൈജീരിയയിലെ മൂന്നു പ്രവിശ്യകള്‍ ഏതാണ്ടു പൂര്‍ണമായും കീഴടക്കിയിരുന്നു. മതപ്രമാണങ്ങളെ വളരെ സങ്കുചിതമായ നിലയില്‍ വ്യാഖ്യാനിക്കുന്നതിനാല്‍ അല്‍ഖാ ഇദാ, ഇസ്‌ലാമിക് സ്റ്റേറ്റ് നേതൃത്തം ബോക്കോ ഹറമിനെ അകറ്റിനിര്‍ത്താറാണു പതിവ്. ബോക്കോ ഹറാം രണ്ടായി പിളര്‍ന്നാണ് ഐഎസ്ഡബ്ല്യുഎപി ഉടലെടുത്തത്. അബു മുസ്അബ് അല്‍ ബര്‍നാവിയാണ് അതിന്റെ നേതാവ്. സ്ഥാപകനായ യൂസുഫിന്റെ പുത്രനാണു ബര്‍നാവി.

RELATED STORIES

Share it
Top