ബോംബെ ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് കേസില്‍ അന്വേഷണം അവസാനിപ്പിക്കാനും കുറ്റപത്രം നല്‍കാനും പോലിസിന് കൂടുതല്‍ സമയം അനുവദിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വ്യാഴാഴ്ചയാണ് സംസ്ഥാനം ഇതുസംബന്ധിച്ച് സുപ്രിംകോടതിയെ സമീപിച്ചത്.
ഈ വര്‍ഷമാദ്യം നടന്ന ഭീമ കൊരേഗാവ് സംഘര്‍ഷവുമായും അതിനു മുന്നോടിയായി എല്‍ഗാര്‍ പരിഷത്തിന്റെ പേരില്‍ സംഘടിപ്പിച്ച ദലിത് കൂട്ടായ്മയുമായി ബന്ധമുണ്ടെന്നും മാവോവാദിബന്ധമാരോപിച്ചും അഞ്ച് സാമൂഹികപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി കീഴ്‌ക്കോടതി സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ചയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ റിമാന്‍ഡില്‍ കഴിയുന്ന സാമൂഹികപ്രവര്‍ത്തകര്‍ക്ക് നവംബര്‍ ഒന്നിനു ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കാം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിഷാന്ത് കത്‌നേഷ്‌വര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തില്ലെങ്കില്‍ നിശ്ചിത സമയത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന കാരണത്താല്‍ കേസിലെ പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 26ന് കോടതി ഹരജി വീണ്ടും പരിഗണിക്കും.RELATED STORIES

Share it
Top