ബോംബെറിഞ്ഞ കേസില്‍ ആറു പ്രതികള്‍ക്ക് കഠിന തടവും പിഴയും

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെമ്മരത്തൂരില്‍ വീടിനു ബോംബെറിഞ് അക്രമം നടത്തിയ കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും ശിക്ഷ. ചെമ്മരത്തൂര്‍ കോട്ടപ്പള്ളി സ്വദേശികളായ മാണിക്കോത്ത് താഴ കുനിയില്‍ ഹരിതത്തില്‍ ജിതിന്‍ലാല്‍ എന്ന ലുട്ടു (32), തൈവെച്ച പറമ്പത്ത് നിബീഷ്(31), പാലയാട് ശ്രീജേഷ്(30), പാലയാട് കുട്ടികൃഷ്ണന്‍(53), ചാലില്‍ മീത്തല്‍ വിപിന്‍(30), മലയില്‍ സജീവന്‍(45) എന്നിവരെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് എസ് രശ്മി ശിക്ഷിച്ചത്.
മൂന്ന് വര്‍ഷം കഠിന തടവും, പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. 2008 ഒക്ടോബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം. ചെമ്മരത്തൂരിലെ ബിജെപി പ്രവര്‍ത്തകനായ കോറോത്ത് മീത്തല്‍ നവീന്‍ വില്ലയില്‍ രൂപേഷിന്റെ വീട്ടില്‍  രാത്രി അതിക്രമിച്ചു കയറിയ പ്രതികള്‍ വീടിന്റെ മുന്‍ ഭാഗത്തെ വരാന്തയില്‍ ബോംബെറിഞ്ഞ് ഭീതി പരത്തി വാതില്‍ ചവുട്ടി തുറന്ന് രൂപേഷിനെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലാണ് ശിക്ഷ.
ഇതോടൊപ്പം വീട്ടിലെ ഫര്‍ണിച്ചറുകള്‍ തീവെക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇരുപത് സാക്ഷികളെ പ്രോസിക്ക്യൂഷന്‍ വിസ്തരിച്ചു. വടകര സിഐയായിരുന്ന ജെയ്‌സണ്‍ കെ എബ്രഹാമായിരുന്നു കേസ് അന്വേഷിച്ചത്.

RELATED STORIES

Share it
Top