ബൈ ബൈ റഷ്യ... സീ യൂ ഇന്‍ ഖത്തര്‍

മോസ്‌കോ: നാനാ ദേശങ്ങളില്‍ നിന്നും ഒഴുകിവ—ന്ന കാല്‍പ്പന്തുകളിയാവേശത്തിന്റെ ഉറവകള്‍ ഇന്നലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ മഹാപ്രവാഹമായി. ഒരുമാസമായി ആവേശത്തിന്റെ എല്ലാ വഴികളും റഷ്യയുടെ ഹൃദയത്തിലായിരുന്നു. വിവിധ സ്‌റ്റേഡിയങ്ങളില്‍ ഇരമ്പിയാര്‍ത്ത പുരുഷാരത്തിനു മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ കുറെ നല്ല ഓര്‍മകള്‍ റഷ്യ സമ്മാനിച്ചു. ഇനി നാലു വര്‍ഷത്തിനു ശേഷം ഖത്തറിലെ മണലാരണ്യത്തില്‍ കാല്‍പ്പന്തുകളിയാവേശം തീര്‍ക്കും.
നാടകീയതയും പ്രവചനാതീതവുമായ 64 മല്‍സരങ്ങളാണ് റഷ്യയില്‍ പൂര്‍ത്തിയായത്. പതിവ് ലോകകപ്പുകളില്‍ നിന്നു വിഭിന്നമായി ഒട്ടേറെ അട്ടിമറികള്‍ക്കും റഷ്യ സാക്ഷ്യം വഹിച്ചു. ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ക്കെല്ലാം സെമി ഫൈനലിനു മുമ്പേ അടിതെറ്റി. അതിനാല്‍തന്നെ ഫുട്‌ബോള്‍ ദൈവങ്ങളും മിഷിഹാമാരുമെല്ലാം സെമിക്കു മുന്നേ നാട്ടിലേക്കു വിമാനം കയറി. അതേസമയം, താരപ്രഭയില്ലാതെയെത്തിയ നിരവധി പ്രതിഭകള്‍ റഷ്യയില്‍ ഉദയം കൊണ്ടു. കിരീടസാധ്യതകള്‍ ആരും കല്‍പ്പിക്കാതിരുന്ന ക്രൊയേഷ്യ എന്ന കൊച്ചു രാജ്യം കലാശപ്പോരാട്ടത്തില്‍ വരെയെത്തി. 1950ല്‍ ഉറുഗ്വേയെന്ന രാജ്യം ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ക്രൊയേഷ്യപോലൊരു കൊച്ചു രാജ്യം ഫൈനല്‍ ടിക്കറ്റെടുത്തത്. മുത്തശ്ശിക്കഥകളെ വെല്ലുന്ന പ്രകടനമാണ് ക്രൊയേഷ്യ റഷ്യയില്‍ നടത്തിയത്. റഷ്യയുടെ മുക്കിലും മൂലയിലും ഫുട്‌ബോള്‍ ലഹരി മാത്രമായിരുന്നു ഇതുവരെ. കായിക പ്രേമികളില്‍ ആവേശം വിതറിയാണ് ഒരുമാസം നീണ്ട ലോക കാല്‍പ്പന്തുകളി മാമാങ്കത്തിനു റഷ്യന്‍ മണ്ണില്‍ തിരശ്ശീല വീഴുന്നത്.
വിസ്മയച്ചെപ്പ്
തുറക്കാന്‍ ഖത്തര്‍
വലിയ സ്വപ്‌നങ്ങള്‍ കാണുന്ന കൊച്ചു രാജ്യമാണ് എന്നും ഖത്തര്‍. അതുകൊണ്ടു തന്നെ 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ ഒരു മഹാ സംഭവമാക്കാനുള്ള തയ്യാറെടുപ്പിനായി മണലാരണ്യം ഒരുങ്ങിക്കഴിഞ്ഞു. റഷ്യന്‍ ലോകകപ്പിന് പരിസമാപ്തി കുറിക്കുമ്പോള്‍തന്നെ ഖത്തര്‍ ലോകകപ്പിനുള്ള ഔദ്യോഗിക ദീപശിഖ ഖത്തര്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. 2022 ആവുന്നതിനു രണ്ടു വര്‍ഷം മുമ്പു തന്നെ ലോകകപ്പ് ഫുട്‌ബോളിനു പൂര്‍ണ സജ്ജമാവാനാണു ഖത്തര്‍ തയ്യാറെടുക്കുന്നത്. ഫിഫ ലോകകപ്പ് മുദ്രയുമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ വാനില്‍ പറക്കാന്‍ തുടങ്ങി. അദ്ഭുതങ്ങളുടെ ചെപ്പു തുറന്നു ലോകത്തെ വിസ്മയിപ്പിക്കാനാണ് ഖത്തര്‍ ഒരുങ്ങുന്നത്.
അറേബ്യന്‍ ടെന്റിന്റെ മാതൃകയില്‍ അല്‍ ഖോര്‍ അല്‍ ബായ്ത്ത് സ്റ്റേഡിയം, അറബി തൊപ്പിയുടെ മാതൃകയില്‍ അല്‍ തുമാമ സ്റ്റേഡിയം, കപ്പല്‍പായപോലുള്ള അല്‍ വക്‌റ സ്റ്റേഡിയം, മണല്‍ക്കൂനയെ അനുസ്മരിപ്പിക്കുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം, ഡയമണ്ട് പോലുള്ള എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഉദ്ഘാടനവും ഫൈനലും നടക്കുന്ന ലുസെയ്ല്‍ സ്റ്റേഡിയം തുടങ്ങിയ സ്റ്റേഡിയങ്ങളുടെയെല്ലാം നിര്‍മാണങ്ങള്‍ അതിവേഗം നടക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി മല്‍സരങ്ങളുടെ സമയക്രമം മാറുന്നുവെന്നതാണു ഖത്തര്‍ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകത. ജൂണ്‍- ജൂലൈ മാസത്തിനു പകരം നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണു ഖത്തര്‍ ലോകകപ്പ് നടക്കുക. ജൂണ്‍-ജൂലൈ മാസം ഖത്തറില്‍ നല്ല ചൂടാണ്. അതുകൊണ്ടാണ് ചെറുതണുപ്പുള്ള നവംബര്‍-ഡിസംബര്‍ മാസത്തിലേക്കു ലോകകപ്പ് മാറ്റിയത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണു ഫൈനല്‍. റഷ്യന്‍ ലോകകപ്പിനു തിരശ്ശീല വീഴും മുമ്പു തന്നെ ഖത്തറിന്റെ ഫുട്‌ബോള്‍ ആവേശം മോസ്‌കോയിലും സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലും ആരംഭിച്ചു. ഫുട്‌ബോള്‍ ആരാധകരെ ഖത്തറിലേക്കു സ്വാഗതം ചെയ്ത് മജ്‌ലിസ് ഖത്തര്‍ എന്ന പരിപാടിയാണു സംഘടിപ്പിച്ചത്. അറേബ്യന്‍ സംഗീതവും ഹെന്നയും അറബിക് കാലിഗ്രഫിയും എല്ലാം ചേര്‍ന്നൊരു ആഘോഷമായിരുന്നു ഇത്. കൂടാതെ, ലോകകപ്പ് പരസ്യങ്ങള്‍ ആലേഖനം ചെയ്ത വിമാനങ്ങളായിരുന്നു റഷ്യയിലേക്ക് പറന്നെത്തിയത്. ഖത്തര്‍ ലോകകപ്പിന്റെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത് 20,000 കോടി ഡോളറാണ്.

RELATED STORIES

Share it
Top