ബൈ ബൈ ഇനിയേസ്്റ്റബാഴ്‌സലോണ: നീണ്ട 16 വര്‍ഷക്കാലത്തെ ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള ഫുട്‌ബോള്‍ ജീവിതത്തിന് ആന്ദ്ര ഇനിയേസ്റ്റ അവസാനം കുറിച്ചിരിക്കുന്നു. സ്പാനിഷ് ലീഗിന്റെ ഈ സീസണിലെ അവസാന മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെതിരേ നേടിയ വിജയത്തോടെയാണ് ബാഴ്‌സലോണയിലെ സഹതാരങ്ങള്‍ ഇനിയേസ്റ്റയെ യാത്രയാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്‌സലോണയുടെ വിജയം. ഇനിയേസ്റ്റയുടെ പേരെഴുതിയ ജേഴ്‌സി ധരിച്ച് കൊണ്ടാണ് സഹതാരങ്ങള്‍ കിരീടനേട്ടം ആഘോഷിച്ചത്.1994ല്‍ സ്പാനിഷ് സെഗുണ്ട ഡിവിഷന്‍ ക്ലബ് അല്‍ബസെറ്റെയിലൂടെയാണ് ഇനിയേസ്റ്റ ഫുട്‌ബോളിലേക്ക് ചുവടുവച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ബാഴ്‌സലോണയുടെ യൂത്ത് ക്ലബ്ബിലേക്കെത്തിയ ഇനിയേസ്റ്റ് 2001ല്‍ ബാഴ്‌സലോണയുടെ ബി ടീമിലും ഇടം കണ്ടെത്തി. തൊട്ടടുത്ത വര്‍ഷം തന്നെ ബാഴ്‌സലോണയിലേക്ക് ക്ഷണം ലഭിച്ച ഇനിയേസ്റ്റ നീണ്ട 16 വര്‍ഷക്കാലം ബാഴ്‌സലോണയുടെ മധ്യനിരയിലെ വിശ്വസ്തനായ പോരാളിയായിരുന്നു. 442 മല്‍സരങ്ങളില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം പന്ത് തട്ടിയ ഇനിയേസ്്റ്റ നേടിയത് 35 ഗോളുകള്‍. ബാഴ്‌സലോണയ്‌ക്കൊപ്പം ഒമ്പത് ലാ ലിഗയും ആറ് കോപാ ഡെല്‍ റേയും നാല് ചാംപ്യന്‍സ് ലീഗ് കിരീടവും ഏഴ് സൂപ്പര്‍ കോപ്പയും മൂന്ന് സൂപ്പര്‍ കപ്പും മൂന്ന് ക്ലബ്ബ് ലോകകപ്പും ഇനിയേസ്റ്റ നേടിയിട്ടുണ്ട്.  ബാഴ്‌സലോണ ആജീവനാന്ത കരാര്‍ ഇനിയേസ്റ്റയുമായി ഒപ്പിട്ടിരുന്നെങ്കിലും യുവതാരങ്ങള്‍ക്ക് വേണ്ടി ക്ലബ്ബ് വിടാന്‍ താരം തീരുമാനിക്കുകയായിരുന്നു. സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടി 125 മല്‍സരങ്ങളും ഇനിയേസ്റ്റ കളിച്ചിട്ടുണ്ട്.കളി മതിയാക്കില്ലെന്നും ഫുട്‌ബോളില്‍ തുടരുമെന്നും ഇനിയേസ്റ്റ പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് ഇനിയേസ്റ്റ പോവുന്നതെന്ന തരത്തില്‍ റിപോര്‍ട്ടുകളുണ്ട്.
ഇന്നലെ ഈ സീസണിലെ അവസാന മല്‍സരത്തിനിറങ്ങിയ ബാഴ്‌സലോണയെ തോല്‍വിമുഖത്ത് നിന്ന് രക്ഷിച്ചത് കോട്ടീഞ്ഞോയായിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 57ാം മിനിറ്റിലാണ് കോട്ടീഞ്ഞോ ബാഴ്‌സലോണയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. പെനല്‍റ്റി ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് കോട്ടീഞ്ഞോ തൊടുത്ത ലോങ് ഷോട്ട് റയല്‍ സോസിഡാഡിന്റെ വലയില്‍ പതിക്കുകയായിരുന്നു. ജയത്തോടെ 38 മല്‍സരങ്ങളില്‍ നിന്ന് 93 പോയിന്റോടെയാണ് ബാഴ്‌സലോണ ഈ സീസണ്‍ അവാസാനിപ്പിക്കുന്നത്.

RELATED STORIES

Share it
Top