ബൈ ബാക്ക് സ്‌കീമിന്റെ പേരില്‍ തട്ടിപ്പ്; ഉടമയ്ക്ക് വാഹനം തിരികെനല്‍കാന്‍ ഉപഭോക്തൃ ഫോറം ഉത്തരവ്‌

തൊടുപുഴ: ബൈ ബാക്ക് സ്‌കീമുമായി ബന്ധപ്പെട്ട പരാതിയില്‍ യുവാവ് വാഹന ഡീലര്‍ക്ക് നല്‍കിയ വാഹനം ഉടന്‍ തിരികെ നല്‍കാന്‍ ഇടുക്കി ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവ്. ഈ വാഹനവുമായി ബന്ധപ്പെട്ടു റിക്കവറി നടപടികളെടുക്കരുതെന്നു സ്വകാര്യ ബാങ്കിനും ഫോറം നിര്‍ദ്ദേശം നല്‍കി.
സ്വന്തമായുണ്ടായിരുന്ന 2003 മോഡല്‍ ടാറ്റ ഇന്‍ഡിക്ക കാര്‍ മാറ്റി ടാറ്റി ടിയാഗോ വാങ്ങാനാണ് ബൈസണ്‍വാലി സ്വദേശി തേക്കിലക്കാട്ട് സുനീഷ് പെരുമ്പാവൂരിലെ കോണ്‍കോഡ് മോട്ടേഴ്‌സിനെ സമീപിച്ചത്. 5.10ലക്ഷംരൂപ വിലയുണ്ടായിരുന്ന പുതിയ വാഹനം വാങ്ങുന്നതിനായി സ്വകാര്യ ബാങ്കില്‍ നിന്നും 4.5ലക്ഷം രൂപ വായ്പയും  സുനീഷ് തരപ്പെടുത്തി. പഴയ വാഹനത്തിന് 30000 രൂപ വില ഉറപ്പിച്ച് ഡീലര്‍ക്ക് കൈമാറി.
ബാക്കി തുക പണമായി 2018 ജനുവരി എട്ടിന് ബാങ്ക് മുഖേനയും നല്‍കി. തുടര്‍ന്ന് പഴയവാഹനത്തിന്റെ ടെസ്റ്റിങ് ജോലികള്‍ നടത്തിത്തരണമെന്നും ആയതിലേക്ക് ചെലവിടുന്ന തുക തിരികെ നല്‍കാമെന്നും ഡീലര്‍ അറിയിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം ആര്‍ടി ഓഫിസില്‍ പഴയ ഇന്‍ഡിക്ക ടെസ്റ്റിങ് നടത്തി. അതിന് ചെലവായ 8000 രൂപ നല്‍കാന്‍ ഡീലര്‍ തയ്യാറായില്ല. തുടര്‍ന്ന് ഫെബ്രുവരി 14ന് ‘പുതിയ’ടാറ്റാ ടിയാഗോ ഡീലര്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി. വാഹനം ഏറ്റെടുക്കാന്‍ ചെന്നപ്പോള്‍ അത് പഴയ വാഹനമാണെന്നു മനസ്സിലായി. വണ്ടിയുടെ ഡോറുകളും ബോഡിയുമെല്ലാം തുരുമ്പെടുത്ത നിലയായിരുന്നു.
സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അപശബ്ദങ്ങള്‍ക്കു പുറമേ പുകപടലും പരിസരമാകെ നിറഞ്ഞു.സ്ഥാപനത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവിനെയും ഡീലറേയും ഇക്കാര്യം ബോധ്യപ്പെടുത്തിയപ്പോള്‍ പുതിയ വാഹനം നല്‍കാമെന്നും കാര്‍ രജിസ്റ്റര്‍ ചെയ്തതിനും ഇന്‍ഷ്വറന്‍സ് ഇനത്തിലും ചെലവിട്ട തുക മടക്കി നല്‍കാമെന്നും സമ്മതിച്ചു. എന്നാല്‍ ഒന്നും നടന്നില്ല. ഇതിനിടെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യബാങ്ക് സുനീഷിനെതിരെ  നിയമനടപടികളും തുടങ്ങി. അതോടെയാണ് തന്നെ കബളിപ്പിച്ച സ്ഥാപനത്തിനെതിരെ ഉപഭോക്തൃഫോറത്തെ സമീപിച്ചതെന്നു സുനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഴയ വാഹനം എത്രയും വേഗം മടക്കി നല്‍കണമെന്നും യാതോരുവിധ റിക്കവറി നടപടികളും സുനീഷിനെതിരെ സ്വീകരിക്കരുതെന്നുമാണ്  പ്രസിഡണ്ട്  എസ് ഗോപകുമാര്‍, കെ ബെന്നി എന്നിവരുള്‍പ്പെട്ട ഫോറത്തിന്റെ തീര്‍പ്പ്.

RELATED STORIES

Share it
Top