ബൈപാസ് നിര്‍മാണം: ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കൊയിലാണ്ടി ബൈപാസ് നിര്‍മാണത്തിനെ തിരേ പ്രദേശവാസികള്‍ നല്‍കിയ ഹരജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. പരിസ്ഥിതി സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയാണ് ബൈപാസ് നിര്‍മിക്കുന്നതെന്ന് ആരോപിച്ച് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
ബൈപാസ് വന്നാല്‍ 600ല്‍ അധികം വീടുകളും ഏക്കര്‍ക്കണക്കിന് പാടവും നശിക്കുമെന്നാണ്  ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. നോട്ടീസിന് മെയ് 14നകം മറുപടി നല്‍കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ചിന്റെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ പാത 66 നന്തി-ചെങ്ങോട്ട്ക്കാവ് ബൈപാസിനെതിരേയാണ് കമ്മിറ്റി ഹരിത ട്രൈിബ്യൂണലിനെ സമീപിച്ചത്. റോഡ് വീതി കൂട്ടുമ്പോള്‍ പൈതൃക കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബൈപാസ് നിര്‍മിക്കാന്‍ ദേശീയപാതാ അഥോറിറ്റി തീരുമാനിച്ചത്.
ബൈപാസിനായി ഏഴ് കുന്നുകളും  ഏഴ് കുളങ്ങളും ഏക്കര്‍ക്കണക്കിന് വയലും 612 വീടുകളും 600 കിണറുകളും നശിപ്പിക്കപ്പെടുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം. ബൈപാസിന് ഇതുവരെ പരിസ്ഥിതി അനുമതി ലഭിച്ചില്ലെന്നും സാമൂഹിക ആഘാത പഠനവം നടത്തിയിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടികാട്ടുന്നു. പരിസ്ഥിതിയെ നശിപ്പിച്ച് ബെപാസ് നിര്‍മിക്കുന്നതിന് പകരം എലിവേറ്റ്ഡ് ഹൈവേ നടപ്പാക്കാന്‍ തോമസ് ഉണ്ണിയാടന്‍ എം എല്‍എയുടെ നേതൃത്വത്തില്‍ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
എലിവേറ്റഡ് ഹൈവേ നടപ്പാക്കിയാല്‍ അമ്പതില്‍ താഴെ വീടുകളും ഏതാനും പഴയ കടകളും മാത്രമേ മാറ്റേണ്ടി വരുകയുള്ളൂവെന്നും ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. റോഡ് വീതിക്കൂട്ടാനായി എടുത്ത സ്ഥലമേ എലിവേറ്റ്ഡ് ഹൈവേയ്ക്ക് ആവശ്യമുള്ളൂ. നിലവിലുള്ള നന്തി-ചെങ്ങോട്ട്ക്കാവ് റോഡ് 30 മീറ്ററാക്കി വീതികൂട്ടുകയും 15 മീറ്റര്‍ വീതിയില്‍ എലിവേറ്റ്ഡ് ഹൈവേയും നിര്‍മിച്ചാല്‍ കൊയിലാണ്ടി മേഖലയിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് ഹരജിക്കാരുടെ വാദം. കുളങ്ങളും വയലുകളും നശിപ്പിച്ച് റോഡ് നിര്‍മിക്കുന്നത് മേഖലയിലെ കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്നാണ് ആക്ഷന്‍ കമ്മിറ്റി  പറയുന്നത്.
കൂടാതെ, ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി കെ കേളപ്പന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച വിദ്യാലയവും വിദേശ സഹായത്തോടെ നിര്‍മിച്ച മാനസികാരോഗ്യ കേന്ദ്രവും പൊളിച്ച് മാറ്റേണ്ടിവരും. ഇതെല്ലാം ഒഴിവാക്കാനാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നതെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദങ്ങള്‍.

RELATED STORIES

Share it
Top