ബൈപാസ് നിര്‍മാണം : സാമൂഹിക ആഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്കാഞ്ഞിരപ്പള്ളി: ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ജയരാജ് എംഎല്‍എ അറിയിച്ചു. കലക്ടര്‍ നാമ നിര്‍ദേശം ചെയ്യുന്ന രണ്ട് നോണ്‍ ഒഫീഷ്യല്‍ സയന്റിസ്റ്റുകള്‍, ബന്ധപ്പെട്ട പഞ്ചായത്തിന്റെ രണ്ടു പ്രതിനിധികള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ രണ്ടു പേര്‍, സ്ഥലം ആവശ്യപ്പെടുന്ന വകുപ്പില്‍ നിന്നുള്ള വിഷയ വിദഗ്ധന്‍ എന്നിവരടങ്ങുന്ന സംഘമാണു പഠനം നടത്തുന്നത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണു സാമൂഹിക ആഘാത പഠനത്തിന് ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം 200 ആറിന് മുകളില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സംസ്ഥാന തലത്തില്‍ അധികാരമുള്ള സംഘം സാമൂഹികാഘാത പഠനം നടത്തി റിപോര്‍ട്ട് ലഭ്യമാക്കേണ്ടതുണ്ട്. ബൈപ്പാസ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സര്‍വേ നമ്പറുകളില്‍പ്പെട്ട 308.13 ആര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു.ആവശ്യമായ സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നാലു മാസത്തിനകം പ്രസ്തുത പ0ന റിപോര്‍ട്ട് ലഭ്യമാക്കണമെന്നാണ് ചട്ടം. പഠന റിപോര്‍ട്ട് ലഭ്യമായലുടന്‍ കലക്ടര്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ബൈപാസിനായി 200 കോടി രുപ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിട്ടുള്ളതാണെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിക്കേണ്ടി വരുന്ന വലിയ പാലം മെഗാസ്ട്രക്ചര്‍ വിഭാഗത്തില്‍ വരുന്നതിനാല്‍ ഈ വിഷയത്തില്‍ വിദഗ്ധരായ കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും കോര്‍പറേഷന്‍ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മൂന്നു മാസത്തിനകം ആവശ്യമായ വിശദമായ പഠന റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പിക്കും. റവന്യൂ വകുപ്പില്‍ നിന്ന് ഭൂമിയേറ്റടുക്കല്‍ നടപടികളും പൊതുമരാമത്ത് വകുപ്പില്‍ നിന്നും എസ്റ്റിമേറ്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച സാഹചര്യത്തില്‍ 2017ല്‍ തന്നെ ബൈപ്പാസിന്റെ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാ എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top