ബൈജു കൊട്ടാരക്കരയുടെ മക്കളെ ബാങ്ക് തെരുവിലിറക്കി : മനുഷ്യാവകാശ കമ്മീഷന്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തുംകൊച്ചി: ചലച്ചിത്ര സംവിധായകനും മാക്ട ജനറല്‍ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെയും മകനെയും വീട്ടില്‍ നിന്നിറക്കിവിട്ട ബാങ്ക് മാനേജരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചുവരുത്തും. ഫെഡറല്‍ ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജര്‍ 26ന് ആലുവ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ക്യാംപ് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു.  ബൈജു കൊട്ടാരക്കരയും അദ്ദേഹത്തിന്റെ മകളും സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്.തന്റെ പേരില്‍ വരാപ്പുഴയിലുള്ള വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം കോടതി ഉത്തരവ് പ്രകാരം ബൈജു മക്കളുടെ പേരിലേക്കു മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് മക്കള്‍ പഠനത്തിന്റെ ഭാഗമായി കോട്ടയത്തായിരിക്കുമ്പോള്‍ വീട് വരാപ്പുഴ ഫെഡറല്‍ ബാങ്ക് മാനേജരും ജീവനക്കാരനും ചേര്‍ന്ന് കുത്തിത്തുറന്ന് പുതിയ താക്കോലിട്ട് പൂട്ടി. ഏപ്രില്‍ 29ന് വീട്ടില്‍ മടങ്ങിയെത്തിയ കുട്ടികളാണ് ഇക്കാര്യം ആദ്യംകണ്ടത്. ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ ബാങ്ക് നിയോഗിച്ച കാവല്‍ക്കാരനും മാനേജരും വീടിനു മുന്നിലുണ്ടായിരുന്നു. വീട് ബാങ്ക് ജപ്തി ചെയ്തു എന്നാണ് മാനേജര്‍ കുട്ടികളെ അറിയിച്ചത്. തങ്ങള്‍ക്ക് തല്‍ക്കാലം താമസിക്കാന്‍ മറ്റൊരു സ്ഥലമില്ലെന്ന് പറഞ്ഞപ്പോള്‍ ജപ്തിക്കായി ബാങ്ക് നിയോഗിച്ച ഗുണ്ടകളെ വിളിച്ചുവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതെല്ലാം കണ്ട് മകള്‍ തളര്‍ന്നു വീണു. സഭേ്യതരമല്ലാത്ത ഭാഷയില്‍ മാനേജരും ജീവനക്കാരനും സംസാരിച്ചതായും പരാതിയില്‍ പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന മക്കള്‍ക്കോ തനിക്കോ സംസാരിക്കാന്‍ പോലും ഒരവസരം ബാങ്ക് മാനേജര്‍ അനിതയും ജീവനക്കാരനായ ഷിന്റോയും നല്‍കിയില്ലെന്നും ബൈജു കൊട്ടാരക്കര പരാതിയില്‍ പറഞ്ഞു. പരാതി സത്യമാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വീട് കുത്തിപ്പൊളിച്ച് പുതിയ താക്കോലിട്ട് പൂട്ടിയത് മനുഷ്യാവകാശ ലംഘനമാണെും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന വീടും വസ്തുവും പണയംവച്ച് 2006 ല്‍ ബാങ്കില്‍ നിന്നും 11 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഇതിലേക്ക് 26 ലക്ഷം രൂപ തിരിച്ചടച്ചുവെന്നും ബൈജു കൊട്ടാരക്കര പറ്ഞ്ഞു. ഇതിനു ശേഷം 80 ലക്ഷം രൂപ ബിസിനസ്സ് വായ്പ് എടുത്തിരുന്നു. ബിസിനസ്സ്  മേശമായതിനാല്‍ കൃത്യമായി അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട് ഈടുവച്ചല്ല താന്‍ ബിസിനസ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍, തന്റെ അനുവാദമില്ലാതെ ഇവര്‍ വീട് ഈ വായ്പയോടു ബന്ധപ്പെടുത്തിയിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. പല ഘട്ടങ്ങളിലായി താന്‍ ഒരു കോടി ആറു ലക്ഷം രൂപ അടച്ചിരുന്നു.  എന്നാല്‍, ഇതെല്ലാം പലിശയിലേക്ക് വകയിരുത്തിയെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

RELATED STORIES

Share it
Top