ബൈക്ക് മോഷ്ടാക്കള്‍ തിരൂരില്‍ പിടിയില്‍തിരൂര്‍: ബൈക്കുകളും മൊബൈല്‍ ടവറുകളുടെ ബാറ്ററികളും മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടംഗ സംഘത്തെ തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോതമംഗലം ഇഞ്ചൂരില്‍ വിവാഹം കഴിച്ച് താമസിക്കുന്ന തൃശ്‌നാപ്പള്ളി ലാല്‍ഗുഡി അണ്ണാനഗര്‍ കോളനിയിലെ അരുണ്‍കുമാര്‍ എന്ന നാഗരാജ് (28), തിരൂര്‍ കൂട്ടായി സ്വദേശി കക്കോച്ചിന്റെ പുരയ്ക്കല്‍ സഫ്‌വാന്‍ (28) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ വില്‍പ്പന നടത്തിയ ഒരു ബുള്ളറ്റ് അടക്കം രണ്ട് ബൈക്കുകളും ലക്ഷങ്ങള്‍ വില വരുന്ന 66 ബാറ്ററികളും പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ, വേങ്ങര, തിരൂര്‍ തലക്കടത്തൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നായാണ് രണ്ടംഗ സംഘം പല സമയങ്ങളിലായി ബൈക്കുകളും ബാറ്ററികളും മോഷ്ടിച്ച് വിറ്റത്. വാഹന മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലക്ഷങ്ങള്‍ വില വരുന്ന ബാറ്ററികള്‍ മോഷ്ടിച്ച് പകുതി വിലയ്ക്ക് വിറ്റതായി അരുണ്‍കുമാറില്‍നിന്ന് പോലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതികളുടെ മൊഴി പ്രകാരം പോലിസ് തൊണ്ടി മുതലുകള്‍ കണ്ടെടുക്കുകയായിരുന്നു. തിരൂര്‍ പോലിസ് ലൈനിലെ ട്രെഞ്ചിങ് ഗ്രൗണ്ടിലെ തൊണ്ടി വാഹനങ്ങള്‍ക്ക് തീയിട്ട് വന്‍ വില വരുന്ന ചെമ്പുകമ്പികളും പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കി. അരുണ്‍കുമാറിനെതിരേ വേങ്ങരയില്‍ ലാപ്‌ടോപ്പ് മോഷണക്കേസുമുണ്ട്. പ്രതികള്‍ മോഷ്ടിച്ച അഞ്ചു ബൈക്കുകളില്‍ രണ്ടെണ്ണം പൊളിച്ച് വിറ്റതിനാല്‍ വീണ്ടെടുക്കാനായിട്ടില്ല. ബാക്കി വരുന്ന രണ്ട് ബൈക്കുകള്‍ തിരൂര്‍ പോലിസും ഒരെണ്ണം കോതമംഗലം പോലിസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍ നിന്നു 25 കിലോയോളം ചെമ്പുകമ്പികളും പിടികൂടി. മൊബൈല്‍ ടവറിന്റെ ഒരു ബാറ്ററി്ക്ക് മാത്രം ഇരുപത്തി അയ്യായിരത്തോളും രൂപ വിലയുണ്ട്. മോഷ്ടിച്ച ബാറ്ററികളില്‍ പലതും ഇനിയും കണ്ടെടുക്കാനുണ്ടെന്നും പോലിസ് പറഞ്ഞു. നേരത്തെ മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച സഫ്‌വാനും അരുണ്‍കുമാറും പരിചയത്തിലായതിനുശേഷം തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നതെന്ന് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു.

RELATED STORIES

Share it
Top