ബൈക്കുകളും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ രണ്ടു ബൈക്കുകളും കാറും കൂട്ടിയിടിച്ച് ബൈക്കില്‍ അച്ഛനോടൊപ്പം യാത്ര ചെയ്തിരുന്ന ഒമ്പതുവയസ്സുകാരന്‍ മരിച്ചു. രണ്ട് ബൈക്കുകളിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മണ്ണംപേട്ട തെക്കേക്കര ചാര്‍ത്തായി വീട്ടില്‍ വിനയന്റെ മകന്‍ അഭയദേവ് (9) ആണു മരിച്ചത്. അച്ഛന്‍ വിനയനെ(44)യും സഹോദരി ആദിലക്ഷ്മി(3)യെയും പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ ആമ്പല്ലൂര്‍ ഗോകുലം ഹോട്ടലിനു സമീപമായിരുന്നു അപകടം. മുന്നില്‍ പോയിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് പിറകില്‍ ഉണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ കാറിനു പിറകില്‍ ഇടിക്കുകയായിരുന്നു. കാറിനു പിറകില്‍ ഇടിച്ച രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയും മകളെയും പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നെല്ലായി അറയ്ക്കല്‍ അല്‍ഫോണ്‍സ (45), മകള്‍ അജീന (26), അവിണിശ്ശേരി ആലുക്ക രാജു എന്നിവര്‍ക്കാണു പരിക്കേറ്റത്. അല്‍ഫോണ്‍സയുടെ നില ഗുരുതരമാണ്. പുതുക്കാട് പോലിസ് കേസെടുത്തു. പള്ളിക്കുന്ന് അസംപ്ഷന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭയദേവ്. അമ്മ: വിന്യ.

RELATED STORIES

Share it
Top