ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ പോലിസ് മര്‍ദിച്ചതായി പരാതി

പത്തനംതിട്ട: നഗരത്തിന് സമീപം മൈലപ്രയില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ പോലീസ് മര്‍ദിച്ചതായി പരാതി. ഡിവൈഎഫ്‌ഐ മൈലപ്ര യൂനിറ്റ് സെക്രട്ടറി കൂടിയായ മൈലപ്ര ടൗണ്‍ വൈക്കത്ത് വടക്കേതില്‍ അരുണ്‍ രാജ്(20),  ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി വല്യയന്തി  കഴുത്തൂട്ടില്‍ ജോബി കെ ജോണ്‍(18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ രാത്രി 11ഓടെ മൈലപ്ര ജങ്ഷനില്‍ വച്ചാണ് സംഭവമെന്ന് പറയുന്നു. പഠന ആവശ്യത്തിനായി തട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം പത്തനംതിട്ട ബസ് സ്റ്റാന്റില്‍ വന്നിറങ്ങിയ ജോബി കെ ജോണിനെ കൂട്ടിക്കൊണ്ട് പോകാനായി എത്തിയതാണ് അരുണ്‍ രാജ്. ഇരുവരും ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് പോലിസ് സംഘം ഇവരെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പറയുന്നത്. മര്‍ദ്ദനത്തില്‍ അരുണ്‍ രാജിന്റെ വലത് കൈക്ക് പൊട്ടലുണ്ട്. വീഴചയില്‍ ജോബിക്കും പരിക്കേറ്റിട്ടുണ്ട്. സംഘത്തില്‍ എസ്‌ഐയെ കൂടാതെ മൂന്ന് പോലീസുകാരും ഉണ്ടായിരുന്നെങ്കിലും അവര്‍ മര്‍ദ്ദിച്ചില്ലെന്നും ജോബി പറഞ്ഞു. കഴിഞ്ഞ ആഴ്ച ചെന്നീര്‍ക്കരയില്‍ വീട്ടിലെത്തിയ സഹപാഠിയെ യാത്രയാക്കി തിരികെ വരുന്നതിനിടയില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയെയും എസ്‌ഐ യു ബിജു മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

RELATED STORIES

Share it
Top