ബൈക്കില്‍ കടത്തിയ മാനിറച്ചിയുമായി രണ്ടുപേര്‍ പിടിയില്‍

തലശ്ശേരി: ബൈക്കില്‍ കടത്തുകയായിരുന്ന മൂന്നര കിലോ മാനിറച്ചിയുമായി രണ്ട് യുവാക്കളെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍ പിടികൂടി. പള്ളൂര്‍ സ്വദേശികളായ മീത്തലെ പറമ്പത്ത് ബിജേഷ് (33), ഉപ്പളക്കണ്ടിയില്‍ അജേഷ് (39) എന്നിവരെയാണ് പി വൈ 03 എ 8510 ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്. പാകം ചെയ്യാന്‍ മസാല പുരട്ടി ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ മാനിറച്ചി കണ്ടെടുത്തു. മാഹിയിലേക്ക് ബൈക്കില്‍ വരവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു വലയിലാക്കിയത്. തോ ല്‍പെട്ടിയില്‍നിന്ന് പുതുച്ചേരി രജിസ്‌ട്രേഷനുള്ള രണ്ടു ബൈക്കുകള്‍ പോവുന്നതു കണ്ട് എക്‌സൈസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ കടന്നുകളഞ്ഞു. പിന്നാലെ അതുവഴി എത്തിയ മൂന്നാമത്തെ ബൈക്ക് എക്‌സൈസ് സംഘത്തെ കണ്ട് വെട്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, റോഡിന് കുറുകെ ജീപ്പ് നിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്നാണ് മാനിറച്ചി കണ്ടെടുത്തത്. കടന്നുകളഞ്ഞ ബൈക്കുകളില്‍ മാനിറച്ചി ഉണ്ടായിരുന്നതായി പിടിയിലായവര്‍ മൊഴി നല്‍കി. കൂടുതല്‍ അന്വേഷണം നടത്താന്‍ വയനാട്ടില്‍നിന്ന് എക്‌സൈസ് സംഘം മാഹിയിലെത്തും. മൂന്നു ബൈക്കുകളിലാണ് ആറംഗ സംഘം മാനിറച്ചി വാങ്ങാന്‍ കഴിഞ്ഞ ദിവസം പുറപ്പെട്ടത്. വീരാജ്‌പേട്ടയില്‍ നിന്നാണ് മാനിറച്ചി വാങ്ങിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. മാഹിയില്‍നിന്ന് പോയ സംഘത്തിലെ ഒരാളുടെ ഭാര്യവീടുണ്ട് വീരാജ്‌പേട്ടയില്‍. ഈ പരിചയംവച്ചാണ് വനമേഖലയില്‍ നിന്ന് വേട്ടയാടിയെ മാനിന്റെ ഇറച്ചി സംഘം വിലയ്ക്കു വാങ്ങിയത്.

RELATED STORIES

Share it
Top