ബൈക്കിലെത്തി മാല മോഷണം; മുഖ്യ പ്രതി പിടിയില്‍

പാലക്കാട്: ബൈക്കിലെത്തി സ്ത്രീകളുടെ മാലപിടിച്ചു പറിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. തേങ്കുറിശ്ശി കോച്ചാംകുളം പിലാത്തൊടിക വീട്ടില്‍ ദേവന്‍ എന്ന ദേവ ദാസിനെയാണ് (31) ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ കോര്‍ട്ട് റോഡില്‍ പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ചതിനും കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതിനും കഴിഞ്ഞ ജനുവരി 20ന് പോളിടെക്‌നികിന് സമീപത്ത് നിന്ന് കാല്‍നട യാത്രക്കാരിയായ സ്ത്രീയുടെ മാല പൊട്ടിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് പോലിസ് അറിയിച്ചു. ദേവന്റെ കൂട്ടുപ്രതി സന്തോഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ആയുധം കൈവശം വെച്ച കേസില്‍ കണ്ണൂര്‍ തലശ്ശേരി പോലിസെടുത്ത കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിരുന്നു. ബംഗളൂരില്‍ ബേക്കറി കട നടത്തിയിരുന്ന പ്രതി, സാമ്പത്തികമായി ഞെരുക്കം വന്നപ്പോഴാണ് മാല പൊട്ടിക്കാനും കഞ്ചാവ് വില്‍പനയിലേക്കും തിരിഞ്ഞത്.
ബംഗളൂരില്‍ സാമ്പത്തിക തിരിമറി നടത്തി മുങ്ങിയതാണെന്നും അറിവായിട്ടുണ്ട്. മോഷണത്തിന് ഉപയോഗിച്ച ബൈക്കുകള്‍ പോലിസ് പിടികൂടി.പാലക്കാട് ഡിവൈഎസ്പി വിജയകുമാറിന്റെ നേതൃത്വത്തില്‍, ടൗണ്‍ സൗത്ത് സിഐ മനോജ് കുമാര്‍, സൗത്ത് എസ്‌ഐ അബ്ദുല്‍ ഗഫൂര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top