ബൈക്കിലെത്തിയ സംഘം മാല കവര്‍ന്നു

പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് പുറകിലുള്ള വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു. വില്ലെടന്‍ വീട്ടില്‍ തങ്കയുടെ രണ്ട് പവന്റെ മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീട്ടുമതിലില്‍ നിന്നു പാല്‍ കുപ്പി എടുക്കാന്‍വന്ന തങ്കയുടെ അടുത്തേയ്ക്ക് ഒരാള്‍ എത്തി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ റോഡിലേക്ക് ഓടിയ തങ്കയെ ഇയാള്‍ ബലമായി പിടികൂടി കഴുത്തിലെ മാല പൊട്ടിച്ചെടുത്തു. പിന്നീട് തങ്കയുടെ മൂക്കും വായയും പൊത്തിപിടിച്ചതിന് ശേഷം കയ്യിലെ വളകള്‍ ഊരാന്‍ ശ്രമിച്ചു. പിന്നീട് തങ്കയെ മര്‍ദ്ദിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. തങ്ക ഒച്ചവെച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൂടെയുണ്ടായിരുന്ന ആളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. തങ്കയെ ആക്രമിച്ചയാള്‍ കറുത്ത നിറവും തടിച്ച പ്രകൃതക്കാരനുമാണ്. മാലയില്‍ ഉണ്ടായിരുന്ന താലിയും ഏലസും പിന്നീട് സമീപത്ത് നിന്ന് കണ്ടെടുത്തു. പുതുക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top