ബൈക്കിലെത്തിയവര്‍ ബസ്സിന് കല്ലെറിഞ്ഞു;രണ്ടുപേര്‍ക്ക് പരിക്ക്

കൊട്ടിയം:ദേശീയപാതയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ്സ് എറിഞ്ഞു തകര്‍ത്തു. കല്ലേറില്‍ ബസ്സിന്റെ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരിക്കേറ്റു. ബസ് നിയന്ത്രണം വിടാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ബസ് ഡ്രൈവര്‍ ചേര്‍ത്തല കഞ്ഞിക്കുഴി തോട്ടുങ്കല്‍ പറമ്പില്‍ സുധീര്‍ കുമാറിനും യാത്രക്കാരിയായിരുന്ന ഒരു അധ്യാപികക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെ ദേശീയ പാതയില്‍ ഉമയനല്ലൂര്‍ കടമ്പാട്ടു മുക്കിനടുത്തായിരുന്നു സംഭവം. കായംകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിന്റെ മുന്നില്‍ എതിരേ ബൈക്കില്‍ വന്ന സംഘം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ്സ് പൂര്‍ണമായും തകരുകയും ഡ്രൈവറുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍വശത്തിരുന്ന യാത്രക്കാരിയുടെ കാലിനാണ് പരിക്കേറ്റത്. ഇവര്‍ക്ക് പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയ ഡ്യൂട്ടിക്ക് പോകേണ്ടതിനാല്‍ പ്രഥമ ശുശ്രുഷക്ക് ശേഷം ഇവര്‍ അടുത്ത ബസ്സില്‍ യാത്ര തുടരുകയായിരുന്നു. ഡ്രൈവറുടെ മന:സാന്നിധ്യം കൊണ്ടാണ് ബസ് നിയന്ത്രണം വിടാതിരുന്നത്. കൊട്ടിയം പോലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top