ബൈക്കിനെ മറികടന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം

പത്തനാപുരം: ആശുപത്രിയില്‍ നിന്നും മടങ്ങിയ ആംബുലന്‍സ് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്കിനെ മറികടന്നെന്ന് ആരോപിച്ച് ആംബുലന്‍സ് ഡ്രൈവറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കോട്ടവട്ടം മനക്കരയില്‍ പ്രിന്‍സ് രാജി(20)നാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ പ്രിന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടവട്ടം സ്വദേശിയായ ഷാഫി, ഷാഫിയുടെ സുഹൃത്തുക്കളായ മഞ്ചു കുട്ടന്‍, അജ്മല്‍ എന്നിവര്‍ക്കെതിരേ കുന്നിക്കോട് പോലിസ് കേസെടുത്തു. എന്നാല്‍ പ്രതികളെ പിടികൂവാന്‍ നടപടികളില്ലെന്നും കേസ് ഒതുക്കുവാന്‍ ഭരണപക്ഷ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായുമാണ് ആക്ഷേപമുയരുന്നത്. കഴിഞ്ഞ ദിവസം ഷാഫി സഞ്ചരിച്ച ബൈക്കിനെ പ്രിന്‍സ് ഓടിച്ചിരുന്ന ആംബുലന്‍സ് ഓവര്‍ ടേക്ക് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് സംബന്ധിച്ച് നടന്ന തര്‍ക്കം വാക്കേറ്റമായതോടെ നാട്ടുകാര്‍ ഇടപെട്ട്  ഇരു വിഭാഗങ്ങളേയും പറഞ്ഞയച്ചു. തുടര്‍ന്ന് അര്‍ധ രാത്രിയില്‍ പ്രിന്‍സിന്റ വീട്ടിലെത്തിയ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ മാപ്പ് പറയുവാനെന്ന വ്യാജേന പ്രിന്‍സിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ പ്രിന്‍സിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഒടുവില്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. പോലിസ് കേസെടുത്തതാടെ മൂവരും ഒളിവിലാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നതര്‍ക്ക് പരാതി നല്‍കുവാനാണ് പ്രിന്‍സിന്റെ ബന്ധുക്കളുടെ തീരുമാനം.

RELATED STORIES

Share it
Top