ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിയാന്‍ കുട്ടികളെത്തി

ബേപ്പൂര്‍: ചരമവാര്‍ഷികം 24 പിന്നിടുമ്പോഴും ജനഹൃദയങ്ങളില്‍ ബഷീറിന്റെ ഓര്‍മ്മ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണന്നും മറ്റു സാഹിത്യകാരന്‍മാരില്‍ നിന്നും ബഷീറിനെ വ്യത്യസ്തനാക്കുന്നതും ഇത് തന്നെയാണന്നും ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍. മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുമായി ബേപ്പൂരിലെ വൈലാലി വീട്ടില്‍ സംവദിക്കവെ അനീസ് ബഷീര്‍ പറഞ്ഞു.
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അനീസ് ബഷീര്‍ മറുപടി നല്‍കി. വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതുവാനു പയോഗിച്ച പേന, കണ്ണട ,ഗ്രാമഫോണ്‍, മാന്ത്രിക വടി, ചാരുകസേര ലഭിച്ച പുരസ്‌ക്കാരങ്ങള്‍, വിവിധ ഫോട്ടോകള്‍, സാഹിത്യ കൃതികള്‍ എന്നിവ  ബഷീറിന്റെ പേരമക്കളായ വസീം ബഷീര്‍, അസീം ബഷീര്‍, നസീം ബഷീര്‍ വിദ്യാര്‍ഥികളെ പരിചയപെടുത്തിയത് നവ്യാനുഭവമായി. സാഹിത്യ സുല്‍ത്താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന കഥാരചനകള്‍ക്ക് സാക്ഷ്യം വഹിച്ച മാങ്കോസ്റ്റിന്‍ മരവും കുട്ടികള്‍ കണ്ടു. മരുമകള്‍ അഞ്ജു കുട്ടികളെയും അധ്യാപകരേയും സ്വീകരിച്ചു. വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയിലേയും അറബി ക്ലബ്ബിലെയും അംഗങ്ങളാണ് ബഷീറിനെ അടുത്തറിയാന്‍ വൈലാലി വീട്ടിലെത്തിയത്. ചാലിയം ഗവ. ഫിഷറീസ് സ്‌കൂള്‍ അധ്യാപകന്‍ എ അബ്ദുള്‍ റഹീം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിന്റെ ജീവിതകാലത്തെ അനുഭവങ്ങളും കാഴ്ചകളും കുട്ടികളുമായി പങ്കുവെച്ചു. ക്ലബ്ബ് കോഡിനേറ്റര്‍ പി ടി എം മുസ്തഫ അധ്യക്ഷത വഹിച്ചു.  എ കെ ഉദീഷ് കുമാര്‍, ടി സക്കീര്‍ , എം നജ്മ, ടി വിപഞ്ചി , എന്‍ എം അമിത സംസാരിച്ചു.

RELATED STORIES

Share it
Top