ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു; ശുചീകരണ നടപടികള്‍ക്ക് കര്‍ശന നിര്‍ദേശം

ബേപ്പൂര്‍: ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിലെ നിലവിലെ ശുചീകരണ സംവിധാനങ്ങള്‍ വിലയിരുത്താന്‍ കലക്ടറുടെ സന്ദര്‍ശനം. ഹാര്‍ബറിലെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ശുചീകരണ വിഭാഗം ഉദ്യോഗസ്ഥരും പ്രാഥമിക ആരോഗ്യ വിഭാഗവും, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മേധാവികളും ഇന്നലെ രാവിലെ മത്സ്യബന്ധന തുറമുഖത്തെത്തി.
നിലവിലുള്ള ശുചീകരണ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയും ഹാര്‍ബറും പരിസരവും ചീഞ്ഞുനാറുകയും തൊഴിലെടുക്കുന്നവരുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഹാര്‍ബറില്‍  മാലിന്യ  നിര്‍മാര്‍ജ്ജനത്തിന്റെ പരാജയവും ദുഷിച്ചുനാറിയ അന്തരീക്ഷവും ആരോഗ്യ വകുപ്പ് അധികൃതര്‍ മുമ്പേതന്നെ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രകാരം കഴിഞ്ഞ 28ന് ഫിഷിങ് ഹാര്‍ബറിലെ വിവിധ സംഘടനാ പ്രവര്‍ത്തകരുടേയും ട്രേഡ് യൂണിയനുകളുടേയും സമ്പൂര്‍ണ്ണ സഹകരണം ഉറപ്പു വരുത്തിക്കൊണ്ടുള്ള ഊര്‍ജ്ജിത ശുചീകരണ പ്രവര്‍ത്തനം നടത്തുവാന്‍ നിശ്ചയിച്ചിരുന്നു.
എന്നാല്‍ സന്നദ്ധ സംഘടനകളുടെ നിസ്സഹകരണം കാരണം മാലിന്യ നിര്‍മാര്‍ജ്ജന യജ്ഞം നടക്കാതെ പോയി.കേരള ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ഹാര്‍ബര്‍ വികസനസമിതി, കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, തരകന്‍ അസോസിയേഷന്‍, വിവിധ ട്രേഡ്’ യൂണിയനുകള്‍ ,വ്യാപാരികള്‍, കേരള ഫിഷറീസ് വിഭാഗം, കൗണ്‍സിലര്‍ തുടങ്ങിയവരുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള ഏകദിന  ശുചീകരണ പ്രവര്‍ത്തനമാണ് കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ വിഭാഗവും കോര്‍പറേഷന്‍ ശുചീകരണ വകുപ്പും  പ്രത്യേക യോഗം ചേര്‍ന്നു  തീരുമാനിച്ചത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ശുചീകരണ വിഭാഗവും നിശ്ചയിച്ച ദിവസം പരിപാടിക്ക് തുടക്കം കുറിച്ചെങ്കിലും ശുചീകരണ പ്രവര്‍ത്തനത്തിന് ഫിഷിങ് ഹാര്‍ബര്‍ മേഖലയുമായി ബന്ധപ്പെട്ട  സംഘടനാ പ്രവര്‍ത്തകരുടെ നിസ്സഹകരണം  കാരണം പരിപാടി ഉപേക്ഷിച്ച് അധികൃതര്‍ നിരാശരായി തിരിച്ച് പോകേണ്ടിവന്നു. വിവിധതരം സാംക്രമിക രോഗങ്ങള്‍ക്ക് ഇട വരുത്തുന്നതും വെള്ളം കെട്ടിനില്‍ക്കുന്ന തരത്തിലുള്ള മീന്‍ പെട്ടികളും മറ്റും ഹാര്‍ബറിലെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനാല്‍ അടിയന്തിരമായി നീക്കം ചെയ്യുവാന്‍ നിര്‍ദേശം നല്‍കി.
മാലിന്യ സംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുവാന്‍ സ്ഥലം നിര്‍ദേശിക്കുവാനും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ ആരോഗ്യ വിഭാഗത്തോടും ആവശ്യപ്പെട്ടു. ഹാര്‍ബറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ചുങ്കം ഏറ്റെടുത്ത കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കലക്ടര്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചു. ചുങ്കം പിരിവുകാരന്റെ  ചുമതലയില്‍പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അലംഭാവം വ്യക്തമായ സാഹചര്യത്തിലാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാനും പുതിയ ടെന്‍ഡറില്‍നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തുവാനും ആവശ്യപ്പെട്ടത്. ഹാര്‍ബറിലെ വെളിച്ച സംവിധാനം പൂര്‍ണ്ണമായും പുനസ്ഥാപിക്കുവാന്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടു.
മദ്യം,മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുവാന്‍ സ്ഥിരമായ പോലിസ് സംവിധാനം ആലോചിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. മത്സ്യബന്ധനത്തിനിടെ  കടലില്‍ ബോട്ടുകള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നിലവില്‍ ഫിഷറീസ് വാടകക്കെടുത്ത ബോട്ട് പ്രക്ഷുബ്ധ കാലാവവസ്ഥക്ക് അനുയോജ്യമല്ലാത്തതിനാല്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച്‌കൊണ്ട് അനുയോജ്യമായ ബോട്ട് ഏറ്റെടുക്കുവാനും ബോട്ടുടമകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഫിഷറീസ് അധികൃതരുമായി സഹകരിക്കുവാനും തീരുമാനിച്ചു.ഹാര്‍ബറിന്റെ വടക്കുഭാഗത്ത് അനധികൃതമായി സ്ഥിരമായി നങ്കൂരമിട്ട് നിര്‍ത്തിയ ബോട്ടുകള്‍ പത്തുദിവസത്തിനകം എടുത്തു മാറ്റുവാനും അല്ലാത്തപക്ഷം ബോട്ടുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കുവാനും ഫിഷറീസ് വകുപ്പിനെ അധികാരപ്പെടുത്തി.
മല്‍സ്യബന്ധന മേഖലയില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍  ജോലിയെടുക്കുന്നത് കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരുടെ താമസ സൗകര്യങ്ങളും നിലവിലെ അപര്യാപ്തതകളും അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിഭാഗത്തെയും ഫിഷറീസ് വകുപ്പിനെയും ചുമതലപ്പെടുത്തി. 5ന് ചൊവ്വാഴ്ച ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖം പൊതു ശുചീകരണ ദിനമായി ആചരിക്കുവാനും അന്നേദിവസം യുദ്ധകാലാടിസ്ഥാനത്തിലുള്ള  ഊര്‍ജ്ജിത ശുചീകരണ പ്രവര്‍ത്തനം നടത്തുവാനും തീരുമാനമെടുത്തു .
ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി. ബാബുരാജ് ,കൗണ്‍സിലര്‍ എന്‍ സതീഷ് കുമാര്‍ ,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന,അസിസ്റ്റന്റ് ഡയറക്ടര്‍ പി കെ രഞ്ജിനി ,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിഐ എസ് എസ് സുജിത്ത്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ എസ് ഗോപകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി തങ്കരാജ്, സോജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ജിമേഷ്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ് ,പോര്‍ട്ട് സൂപ്രണ്ട് അബ്ദുല്‍ മനാഫ് ഹാര്‍ബര്‍ എന്‍ജിനീയര്‍ വി വിപിന്‍, ഹാര്‍ബര്‍ വികസന സമിതി ചെയര്‍മാന്‍ കരിച്ചാലി പ്രേമന്‍ തുടങ്ങിയവര്‍ കലക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top