ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിലെ ശുചീകരണം നടന്നില്ല

ബേപ്പൂര്‍: ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ ഇന്നലെ നടത്തുവാന്‍ നിശ്ചയിച്ച ശുചീകരണ പ്രവര്‍ത്തനം ഉദ്ദേശിച്ചപോലെ നടന്നില്ല. ഫിഷിങ് ഹാര്‍ബറിലെ വിവിധ സംഘടനാ  പ്രവര്‍ത്തകരുടേയും ട്രേഡ് യൂണിയനുകളുടേയും സമ്പൂര്‍ണ്ണ സഹകരണം ഉറപ്പു വരുത്തിക്കൊണ്ടുള്ള സംയോജിത ശുചീകരണ പ്രവര്‍ത്തനമാണ് നടത്തുവാന്‍ നിശ്ചയിച്ചത്.
എന്നാല്‍ സന്നദ്ധസംഘടനകളുടെ നിസ്സഹകരണം കാരണം ഊര്‍ജ്ജിത മാലിന്യ നിര്‍മാര്‍ജ്ജന യജ്ഞം നടക്കാതെ പോയി. കേരള ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ഹാര്‍ബര്‍ വികസനസമിതി, കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, തരകന്‍ അസോസിയേഷന്‍, വിവിധ ട്രേഡ്’ യൂണിയനുകള്‍, വ്യാപാരികള്‍, കേരള ഫിഷറീസ് വിഭാഗം, കൗണ്‍സിലര്‍ തുടങ്ങിയവരുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള ഏകദിന ശുചീകരണ പ്രവര്‍ത്തനമാണ് കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ വിഭാഗവും കോര്‍പറേഷന്‍ ശുചീകരണ വകുപ്പും ചേര്‍ന്നുകൊണ്ട് തീരുമാനിച്ചത്. ഇതിനായി മുന്‍കൂട്ടി പ്രത്യേക യോഗം ചേര്‍ന്നാണ് തീയതി നിശ്ചയിച്ചത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ശുചീകരണ വിഭാഗവും രാവിലെത്തന്നെ പരിപാടിക്ക് തുടക്കം കുറിച്ചെങ്കിലും ശുചീകരണ പ്രവര്‍ത്തനത്തിന് ഫിഷിങ് ഹാര്‍ബര്‍ മേഖലയുമായി ബന്ധപ്പെട്ട  സംഘടനാ പ്രവര്‍ത്തകരുടെ സഹകരണം ലഭിക്കാത്തത് കാരണം പരിപാടി ഉപേക്ഷിച്ച് നിസ്സഹായരായി തിരിച്ച് പോവുകയാണുണ്ടായത്. ബഹുജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ച മാലിന്യ മുക്ത ഹാര്‍ബറിന്റെ പ്രവൃത്തിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍കൂട്ടി സജ്ജമാക്കുന്നതിലും അലംഭാവം ഉണ്ടായി.
ഫിഷറീസ് വകുപ്പും ഫിഷിങ് ഹാര്‍ബറിലെ അനുബന്ധ മേഖലയിലുള്ളവരും തൊഴിലാളിയൂണിയനുകളും സഹകരിക്കാത്തതില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചു.
സമ്പൂര്‍ണമായ ബഹുജന പങ്കാളിത്തം ഉറപ്പു വരുത്തിയാല്‍ മാത്രമേ മാലിന്യനിര്‍മാര്‍ജനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഫിഷിങ് ഹാര്‍ബറില്‍ വിവിധ ഭാഗങ്ങളിലായി മത്സ്യസംഭരണ  പെട്ടികളും ബോട്ടുകളിലെ യന്ത്രസാമഗ്രികളും റോപ്പുകളും തെര്‍മോക്കോള്‍,പ്ലാസ്റ്റിക് കാനുകള്‍  തുടങ്ങിയവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വിവിധതരം സാംക്രമിക രോഗങ്ങള്‍ക്ക് ഇട വരുത്തുന്നതും വെള്ളം കെട്ടിനില്‍ക്കുന്ന തരത്തിലുള്ള മീന്‍ പെട്ടികളും മറ്റും ഹാര്‍ബറിലെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നവയാണ്.
മാലിന്യ മുക്ത ഹാര്‍ബറിന്നായി മേഖലയിലുള്ളവര്‍ തന്നെ സജീവമായി സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തിയാല്‍ വിജയം കണ്ടെത്താനാവുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെപി തങ്കരാജ്  പറഞ്ഞു. ഇനി വിവിധ സംഘടനകളുടെ സമ്പൂര്‍ണ സഹകരണം ഉറപ്പാക്കിയാല്‍ മാത്രമേ മാലിന്യ നിര്‍മാര്‍ജ്ജന പ്രവൃത്തി നടത്തുവാന്‍ സാധിക്കുകയുള്ളൂവെന്നും അദ്വേഹം അറിയിച്ചു.
അതേസമയം എല്ലാവര്‍ഷവും ടോള്‍ പിരിവിന് കരാര്‍ എടുക്കുന്നവരുടെ ചുമതലയില്‍പെട്ട  ശുചീകരണത്തിലെ അനാസ്ഥ ഫിഷിംഗ് ഹാര്‍ബറിലെ വൃത്തിഹീനതക്ക് മുഖ്യ ഘടകമാണെന്നും പരാതിയുണ്ട്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി തങ്കരാജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബബിതാ ആശ, വി സുമിത്ത്, സോജന്‍, ബേപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍ ഷാജു കൗണ്‍സിലര്‍ നെല്ലിക്കോട് സതീഷന്‍ എന്നിവര്‍ ഫിഷിംഗ് ഹാര്‍ബറില്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top