ബേപ്പൂര്‍ പുലിമുട്ട് കടല്‍ത്തീരം നാശോന്‍മുഖം

ബേപ്പൂര്‍: മലബാറിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേപ്പൂര്‍ പുലിമുട്ട് കടല്‍തീരം ഇല്ലാതാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തില്‍ ശക്തമായ തിരമാലകളാണ് തീരത്തെ കവര്‍ന്നെടുത്ത് കടലാക്കി മാറ്റിയത്. വെള്ളിയാഴ്ച തുടങ്ങിയ ശക്തിയായ തിരയേറ്റത്തില്‍ 20 മീറ്ററോളം തീര ഭാഗമാണ് നഷ്ടപ്പെട്ടത് . ഒരു മീറ്റര്‍ താഴ്ചയില്‍ മണ്ണ് കവര്‍ന്നെടുത്തുകൊണ്ടാണ് തിരമാല തീരഭാഗം കടലിലേക്ക് കൊണ്ടുപോയത്.
വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകവും ഉല്ലസിക്കാനും അനുയോജ്യമായ കടല്‍ത്തീരം ഇല്ലാതാകുന്നത് വികസന സ്വപ്‌നങ്ങള്‍ പേറുന്ന പുലിമുട്ട് ടൂറിസം പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ കയറ്റി വെച്ച ഭാഗങ്ങളിലേക്കും തിര തള്ളല്‍ ശക്തമായത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കടലേറ്റം ശക്തിപ്രാപിച്ചാല്‍ തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗമായ വള്ളങ്ങള്‍ നഷ്ടപ്പെടുമെന്നതുറപ്പാണ്. വിനോദ സഞ്ചാരികള്‍ക്ക് അത്യാവശ്യം വേണ്ടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും വില്‍ക്കുന്ന ഇരുപതോളം പെട്ടിക്കടകളും ഭീഷണിയിലാണ്. തീരം കവരുന്ന തിരമാലകള്‍ ശക്തി പ്രാപിച്ചാല്‍ പെട്ടിക്കടകള്‍ പൂര്‍ണ്ണമായും എടുത്തുമാറ്റേണ്ട അവസ്ഥയിലാണെന്ന് കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകന്‍ കെ പി ഹുസൈന്‍ പറഞ്ഞു .പുലിമുട്ട് കടല്‍ തീരത്തുള്ള മെറീന ജെട്ടിയില്‍ നിന്ന് ആരംഭിച്ച് ഒരു കിലോമീറ്ററോളം നീളത്തില്‍ കടലിലേക്ക് കെട്ടിയ പുലിമുട്ട് നടപ്പാത സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. നടപ്പാതയുടെ അടിഭാഗത്തുനിന്ന് മണ്ണ് ഒലിച്ചു പോയതിനാല്‍ പലഭാഗത്തും താഴ്ച വന്നിട്ടുണ്ട്. തീരം കടല്‍ കവര്‍ന്നെടുക്കുന്നതോടുകൂടി പുലിമുട്ട് നടപ്പാതയുടെ പാര്‍ശ്വഭിത്തിക്കായി സ്ഥാപിച്ച കൂറ്റന്‍ കരിങ്കല്ലുകള്‍ ഇളകിമറിഞ്ഞു സ്ഥാനം തെറ്റിയ നിലയിലാണ്.
സഞ്ചാരികളുടെ വര്‍ദ്ധനവിനനുസരിച്ച് സ്ഥല സൗകര്യമില്ലാത്ത പുലിമുട്ട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കടല്‍ത്തീരം നഷ്ടപ്പെടുന്നത് ടൂറിസം വികസന സാദ്ധ്യതകള്‍ക്ക്  തിരിച്ചടിയാകും. മേഖലയിലെ തീരങ്ങള്‍ കടല്‍ കവര്‍ന്നെടുക്കുന്നത് ഇല്ലാതാക്കുവാന്‍ ശാസ്ത്രീയ ഗവേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംരക്ഷണ നടപടികള്‍  നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.

RELATED STORIES

Share it
Top