ബേപ്പൂര്‍ തുറമുഖത്തേക്ക് റെയില്‍പ്പാത

ബേപ്പൂര്‍: ഇന്ത്യന്‍ റെയില്‍വേ ബേപ്പൂര്‍ തുറമുഖത്തെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന റയില്‍ കണക്ടിവിറ്റി ആരംഭിക്കുന്നതിനെക്കുറിച്ചുള്ള രണ്ടാംഘട്ട പഠനം നടത്തി. ബേപ്പൂര്‍ തുറമുഖത്തേക്ക് ഫറോക്ക് വഴി നദിക്കരയിലൂടെ റെയില്‍വേ ലൈന്‍ കൊണ്ടുവരുന്നതിനുള്ള പ്രാരംഭ പരിസ്ഥിതി പഠനം നടത്തുവാനാണ് റയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ ബേപ്പൂര്‍ തുറമുഖത്ത് എത്തിയത്.
ഫറോക്ക് പാലം കഴിഞ്ഞ ഉടനെ റെയില്‍വേ ലൈനിനെ ബന്ധിപ്പിച്ചുകൊണ്ട് ചെറുവണ്ണൂര്‍ വഴി ബേപ്പൂര്‍ തുറമുഖത്തേക്ക് എത്തിക്കുവാനാണ് പഠനത്തിലൂടെ കണ്ടെത്തിയത്. മുമ്പ് നടത്തിയ ഒന്നാംഘട്ട പഠനത്തില്‍ കല്ലായിയില്‍ നിന്ന് തുടങ്ങി മീഞ്ചന്ത റെയില്‍വേ വഴി ബേപ്പൂരിലേക്ക് ബന്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശം വന്നെങ്കിലും നിരവധി വീടുകളും സ്വകാര്യ സ്ഥാപനങ്ങളും കടന്നുപോകുന്നതിനാല്‍ ശ്രമകരമാകുമെന്ന് കണ്ടതിനാല്‍ ഒഴിവാക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ഫറോക്ക് പാലം കഴിഞ്ഞ ഉടനെയുള്ള മാര്‍ഗത്തിന് പഠനസംഘം മുന്‍ഗണന നല്‍കിയത്. റെയില്‍ ഗതാഗതം തുറമുഖത്തു നിന്നുള്ള ചരക്ക് നീക്കത്തിന് ആക്കം കൂട്ടും. കപ്പലുകളിലും ബാര്‍ജുകളിലും എത്തുന്ന ചരക്കുകളും കണ്ടയ്‌നറുകളും തീവണ്ടി മാര്‍ഗം വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുവാനും റോഡ് ഗതാഗതത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനുമാണ് കേന്ദ്ര നിര്‍ദേശപ്രകാരം സംഘം പഠനത്തിന് എത്തിയത്. തുറമുഖ വികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ സാഗര്‍മാലയിലുള്‍പ്പെടുത്തി റെയില്‍വേ പാത എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് തുറമുഖ വകുപ്പിന്റെ അഭിപ്രായം. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി പരിസ്ഥിതി പഠനം നടത്താനെത്തിയ ഇന്ത്യന്‍ പോര്‍ട്ട് റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് അഡൈ്വസര്‍ എം സ്വയംഭൂലിംഗം, റെയില്‍വേ സീനിയര്‍ മെയിന്റനന്‍സ് എന്‍ജിനീയര്‍ പി പി ജോയ് എന്നിവര്‍ തുറമുഖത്തെ നിലവിലെ സൗകര്യങ്ങള്‍ വിലയിരുത്തി .
പോര്‍ട്ട് ഓഫിസര്‍ അശ്വിനി പ്രതാപ്, പോര്‍ട്ട് സൂപ്രണ്ട് അബ്ദുല്‍ മനാഫ്, വാര്‍ഫ് സൂപ്പര്‍വൈസര്‍ ടി ആര്‍ സൂസന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പഠന സംഘവുമായി റെയില്‍വേ പാതയുടെ ആവശ്യകതയെക്കുറിച്ച്  വിശദീകരണം നല്‍കി.

RELATED STORIES

Share it
Top