ബേപ്പൂരില്‍ നിര്‍ത്തിവച്ച മറൈന്‍ സര്‍വേ ഉടന്‍ പുനരാരംഭിക്കും

ബേപ്പൂര്‍: നിര്‍ത്തിവെച്ച മറൈന്‍ സര്‍വേ ഉടന്‍ പുനരാരംഭിക്കും . രജിസ്‌ട്രേഷനും ഇന്‍ഷൂറന്‍സും ഇല്ലാത്ത എം വി സര്‍വേയര്‍ എന്ന ബോട്ടുമായി ബേപ്പൂരില്‍ നിന്നും കടലില്‍ പുതിയാപ്പ ഭാഗത്ത് സര്‍വെ നടത്താന്‍ തീരുമാനിച്ചത് തിരുവനന്തപുരത്ത് നിന്നും ബേപ്പൂരിലെത്തിയ മറൈന്‍ ഹൈഡ്രോളിക് വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ അടിയന്തരമായി നിര്‍ത്തിവയ്പ്പിച്ചു. രണ്ടു വനിതാ ഓഫിസര്‍മാരടക്കം 13 ജീവനക്കാരുമായി ഇന്നലെ രാവിലെയാണ് കടലില്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സര്‍വേക്കും പര്യവേഷണത്തിനും എംവി സര്‍വേയര്‍ ബോട്ടില്‍ പുതിയാപ്പ ഭാഗത്ത് കടലില്‍ പോകാന്‍ ബേപ്പൂര്‍ മറൈന്‍ഹൈഡ്രോളിക് വിഭാഗം തലവന്‍ നിര്‍ദ്ദേശം നല്‍കിയത്. കടലിലെ ആഴം പരിശോധിക്കുക, മണല്‍ തിട്ടകളും പാറക്കൂട്ടങ്ങളും ഉണ്ടോയെന്ന് പരിശോധിച്ച് അതിന്റെ രൂപരേഖ തയ്യാറാക്കി കപ്പലുകള്‍ക്കും മറ്റു വലിയ യാനങ്ങള്‍ക്കും സഞ്ചരിക്കുവാനുള്ള ചാലുകള്‍ ഉണ്ടാക്കാന്‍ വേണ്ടി മണ്ണുമാന്താനുള്ള രൂപരേഖ തയ്യാറാക്കാന്‍ തുറമുഖവകുപ്പിന് സമര്‍പ്പിക്കലാണ് സര്‍വേയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള 14 ഓളം സര്‍വേകളാണ് ബേപ്പൂര്‍ മറൈന്‍ഹൈഡ്രോളിക് വിഭാഗം 2017 ഓഗസ്റ്റ് മുതല്‍ 2018 മെയ് 15 നുള്ളില്‍ ചെയ്തുതീര്‍ക്കേണ്ടതെങ്കിലും ഇതുവരെ ഒരു സര്‍വേപോലും തുടങ്ങിയിട്ടില്ല. മാത്രമല്ല, തിരുവനന്തപുരത്തെ ഉന്നതഉദ്യോഗസ്ഥന്‍ എത്തിയ തിങ്കളാഴ്ച ബേപ്പൂര്‍ മറൈന്‍ സര്‍വേയര്‍ അവധിയിലായിരുന്നു. തിരുവനന്തപുരത്ത് നിന്നുമെത്തിയ ഉദ്യോഗസ്ഥന്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപുമായി ചര്‍ച്ച നടത്തി എത്രയും പെട്ടെന്ന് ബോട്ടിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുവാനും തുടര്‍ന്ന് ഇന്‍ഷൂറന്‍സ് എടുക്കുവാനുമുള്ള ഏര്‍പ്പാടുകളും ചെയ്തു. ബോട്ടിന്റെ അടിസ്ഥാന രേഖകള്‍ ശരിയായാല്‍ ഈ ആഴ്ച തന്നെ മറൈന്‍ സര്‍വെ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top