ബേപ്പൂരില്‍ തൊഴില്‍ തര്‍ക്കത്തിന് പരിഹാരം : ചരക്കുകയറ്റല്‍ പുനരാരംഭിച്ചുകോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് കണ്ടയിനര്‍ കപ്പലില്‍ ചരക്കുകയറ്റുന്നത് ചുമട്ടുതൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിന് തുറമുഖ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരിഹാരമായി. മുംബൈയില്‍നിന്ന് രാവിലെ ബേപ്പൂരിലെത്തിയ ട്രാന്‍സ് ഏഷ്യ കമ്പനിയുടെ “ കരുതല്‍’ എന്ന കണ്ടെയിനര്‍ കപ്പലില്‍ ക്രെയിന്‍ ഉപയോഗിച്ച് ചരക്കുകയറ്റുന്നതാണ് ചുമട്ടു തൊഴിലാളികള്‍ തടഞ്ഞത്. കണ്ടെയിനറില്‍നിന്നുള്ള കയറ്റിറക്കലുമായി ബന്ധപ്പെട്ട കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ ചരക്കുകയറ്റല്‍ തടസ്സപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പോര്‍ട്ട് ഓഫിസില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് വിളിച്ച യോഗത്തെതുടര്‍ന്ന് ചരക്കുകയറ്റല്‍ പുനരാരംഭിച്ചു. കൊച്ചിയിലേക്കാണ് കപ്പല്‍ ചരക്കുകൊണ്ടുപോവുന്നത്. കൂലി സംബന്ധിച്ച് തൊഴിലാളികളുടെ ആവശ്യവുമായി യൂനിയനുകള്‍ നിവേദനം നല്‍കിയാല്‍ വിഷയം ഒരാഴ്ചയ്ക്കകം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. പ്രശ്‌നം പരിഹരിക്കാന്‍ കളക്ടര്‍ ഒന്നരമാസത്തെ സമയം ആവശ്യപ്പെട്ടു. അതുവരെ തുറമുഖത്ത് നിലവിലെ സാഹചര്യം തുടരും. കണ്ടെയ്‌നറുകളില്‍ ചരക്കുകയറ്റുന്നതിനും ഇറക്കുന്നതിനും തടസ്സമുണ്ടാവില്ല.  തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തി സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. യോഗത്തില്‍ എഡിഎം ടി ജനില്‍കുമാര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, എസ്ടിയു നേതാവ് യു പോക്കര്‍, സിഐടിയു നേതാവ് കെ സിദ്ധാര്‍ഥ് ഐഎന്‍ടിയുസി നേതാവ് എ ഇ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top