ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍. രണ്ടാം പകുതിയില്‍ സാമുവല്‍ ഉംറ്റിറ്റി നേടിയ ഹെഡ്ഡര്‍ ഗോളിന്റെ കരുത്തില്‍ 1-0നാണ് ഫ്രഞ്ച് പട വിജയം സ്വന്തമാക്കിയത്.
നിര്‍ണായക മല്‍സരത്തില്‍ 3-5-2 ഫോര്‍മാറ്റില്‍ ബെല്‍ജിയം ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ദിദിയര്‍ ദെശാംപ്‌സെ ഫ്രാന്‍സിനെ വിന്യസിപ്പിച്ചത്. തുടക്കത്തിലെ പതര്‍ച്ചക്ക് ശേഷം പതിയെ മല്‍സരത്തിലേക്ക് തിരിച്ചെത്തിയ ഫ്രാന്‍സ് ഒമ്പതാം മിനിറ്റില്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു. പോസ്റ്റിന് മുന്നിലേക്ക് ലഭിച്ച പന്തിനെ പിടിച്ചെടുക്കാന്‍ അന്റോണിയോ ഗ്രിസ്മാന് സാധിക്കാതെ വന്നതോടെ ബെല്‍ജിയം രക്ഷപെടുകയായിരുന്നു. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ് നിന്നെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായാണ് ഇരു കൂട്ടരും പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ ഫ്രാന്‍സ് അക്കൗണ്ട് തുറന്നു. ഗ്രിസ്മാന്‍ എടുത്ത കോര്‍ണറിനെ മനോഹരമായ ഹെഡ്ഡറിലൂടെ സാമുവല്‍ ഉംറ്റിറ്റി വലയിലാക്കുകയായിരുന്നു. ലീഡ് വഴങ്ങിയതോടെ ബെല്‍ജിയം നിര സമനിലയ്ക്കായി പൊരുതി നോക്കിയെങ്കിലും ലക്ഷ്യങ്ങളെല്ലാം പിഴച്ചു. പിന്നീടുള്ള സമയത്ത് ഫ്രാന്‍സിന്റെ പ്രതിരോധത്തിന് മുന്നില്‍ ബെല്‍ജിയത്തിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ഫൈനലിലേക്ക് ടിക്കറ്റെടുത്തു.

RELATED STORIES

Share it
Top