ബെഞ്ച് രൂപീകരണം ചോദ്യംചെയ്ത് കപില്‍ സിബല്‍

ന്യൂഡല്‍ഹി:ചീഫ്ജസ്റ്റീസസിന്റെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച നടപടി ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ഹരജിയില്‍ വാദം കേള്‍ക്കാനുള്ള ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റീസ് തന്നെയാണോ രൂപം നല്‍കിയതെന്നായിരുന്നു സിബലിന്റെ ചോദ്യം.
ഇതാദ്യമായാണ് ജുഡീഷ്യല്‍ ഉത്തരവിലൂടെയല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ ഒരു കേസ് ഭരണഘടനാ ബെഞ്ചിലേക്കു പോവുന്നത്. ആരാണ് ഉത്തരവിട്ടത് എന്നറിയാന്‍ പരാതിക്കാര്‍ക്കും അവകാശമുണ്ട്. ഉത്തരവിട്ടിരിക്കുന്നത് ചീഫ് ജസ്റ്റിസ് തന്നെയാണെങ്കില്‍ പരാതിക്കാര്‍ അതിനെ എതിര്‍ക്കുമെന്നും സിബല്‍ പറഞ്ഞു.
എന്നാല്‍,     ചീഫ് ജസ്റ്റിസിന് ഇത്തരം കേസുകള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ അധികാരമുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചത്.  കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിനായി അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് കപില്‍ സിബലിനോട് കോടതി ആരാഞ്ഞു. ഇന്നലെ വൈകിയാണ് ഇക്കാര്യം നടന്നതെന്നും ഇന്ന് രാവിലെ കേസ് എടുത്തിരിക്കുന്നു എന്നും ഔദ്യോഗികമായി ഇനി അപേക്ഷ നല്‍കാമെന്നും സിബല്‍ വ്യക്തമാക്കി. കേസ് ഏഴുമണിക്ക് ലിസ്റ്റ് ചെയ്തിരുന്നു എന്ന് ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. ക്രമനമ്പര്‍ അനുസരിച്ച് കേസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും തങ്ങള്‍ക്ക് തയ്യാറാവേണ്ടതുണ്ടായിരുന്നു എന്നും സിബല്‍ മറുപടി നല്‍കി.

RELATED STORIES

Share it
Top