ബൂട്ടഴിക്കാതെ സൈതാലി മാഷ് വിരമിക്കുന്നു, ഔദ്യോഗിക ജീവിതത്തില്‍ നിന്ന്

നഹാസ് എം നിസ്താര്‍
മലപ്പുറം: ഫുട്‌ബോളിനെയും കളിക്കളത്തെയും ഏറെ പ്രണയിച്ച പെരിന്തല്‍മണ്ണയിലെ സൈതാലി മാസ്റ്റര്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയ പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് കായികാധ്യാപകനായി സൈതാലി മാസ്റ്റര്‍ വിരമിക്കുന്നത്.
ഹൈസ്‌കൂള്‍ പഠനകാലത്ത് സംസ്ഥാന സ്‌കൂള്‍ ടീമിലേക്ക് സൈതാലി മാസ്റ്ററെ തിരഞ്ഞെടുത്തിരുന്നു. ചങ്ങനാശ്ശേരി എസ്ബി കോളജിലായിരുന്നു തുടര്‍ പഠനം. കേരള യൂനിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമംഗമായ അദ്ദേഹം പിന്നീട് മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി നിലവില്‍വന്ന സമയത്ത് പ്രഥമ ഗാന്ധി യൂനിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനായി. ബിരുദ പഠനത്തിനു ശേഷം കാലിക്കറ്റ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ട്രെയിനിങ് കോളജില്‍ കായികപഠനം പൂര്‍ത്തീകരിച്ച് 1987ല്‍ തൂത ഹൈസ്‌കൂളില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. പിന്നീട് താനൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലും ജോലിചെയ്തു. 1995 ല്‍ അവധിയെടുത്ത് സൗദി അറേബ്യയിലെ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായി. 2012ല്‍ മടങ്ങിവന്ന അദ്ദേഹം പിന്നീട് പട്ടിക്കാട് ഗവ. ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു വര്‍ഷത്തിന് ശേഷം പെരിന്തല്‍മണ്ണ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറി.
ജന്‍മദേശമായ പെരിന്തല്‍മണ്ണയിലെ മാനത്ത്മംഗലം ലക്കിസ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ ഗ്രൗണ്ടിലിറങ്ങിയ സൈതാലി മാസ്റ്റര്‍ക്ക് 80കളുടെ തുടക്കത്തില്‍ തന്നെ  സെവന്‍സ് ഫുട്‌ബോള്‍ മല്‍സരങ്ങളിലെ  മികച്ച ടീമായ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ പ്രധാന താരമാവാന്‍ സാധിച്ചു. ദീര്‍ഘകാലം ടീമിന്റെ ക്യാപ്റ്റനായ സൈതാലി മാസ്റ്റര്‍ക്ക് കീഴില്‍ സെവന്‍സ് ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച പ്രതിരോധതാരങ്ങളിലൊരാളായ സൂപ്പര്‍ അഷ്‌റഫ്, ടൈറ്റാനിയം തിരുവനന്തപുരത്തിന്റെ അന്‍വര്‍, ഹമീദ്, കെഎസ്ഇബി മുന്‍ ക്യാപ്റ്റന്‍ സുരേന്ദ്രന്‍, സെന്‍ട്രല്‍ എക്‌സൈസ് താരം റഫീഖ് ഹസ്സന്‍, ഇന്ത്യന്‍ ബാങ്കിന്റെ അക്ബര്‍, മങ്കട ഷൗക്കത്ത്, കൂട്ടിലങ്ങാടി മജീദ് തുടങ്ങി പ്രമുഖരായ നിരവധി പേര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) രൂപീകരിക്കുവാനും അതിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയാകുവാനും സൈതാലി മാസ്റ്റര്‍ക്ക് സാധിച്ചു. റിയാദിലെ മികച്ച ടീമുകളില്‍ ഒന്നായിരുന്ന റിയാദ് സിബിഐ, ജിദ്ദയിലെ അല്‍ ദുറാഖ് എന്നീ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഔദ്യോഗിക വിരമിക്കലിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സൈതാലി മാസ്റ്റര്‍ക്ക് ബൂട്ടഴിക്കാന്‍ കഴിയില്ല എന്നുറപ്പാണ്. നിലവില്‍ മലപ്പുറം ജില്ലാ വെറ്ററന്‍സ് ടീമില്‍ അംഗമായ അദ്ദേഹം കേരളത്തില്‍ നടക്കുന്ന ഒട്ടുമിക്ക വെറ്ററന്‍സ് ടൂര്‍ണമെന്റിലും സാന്നിധ്യമറിയിക്കുന്നുണ്ട്. പരേതരായ താമരത്ത് മുഹമ്മദ് പിതാവും ഫാത്തിമ മാതാവുമാണ്, പച്ചീരി റസിയയാണ് ഭാര്യ.

RELATED STORIES

Share it
Top