ബുള്ളറ്റ് ട്രെയിന്‍പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് ഫാല്‍ഗഡ് ഗ്രാമീണര്‍

ന്യൂഡല്‍ഹി/മുംബൈ/അഹ്മദാബാദ്: തങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റിയിട്ടു മതി ബുള്ളറ്റ് ട്രെയിനെന്ന് മഹാരാഷ്ട്രയിലെ ഫാല്‍ഗഡ് ജില്ലയിലെ ജനങ്ങള്‍. നാഷനല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എന്‍എച്ച്ആര്‍സിഎല്‍) മുംബൈ- അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്ന ഗ്രാമീണരാണ് ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്.
2022ല്‍ മുംബൈ- അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ആംബുലന്‍സുകള്‍, തെരുവുവിളക്കുകള്‍, ഡോക്ടര്‍മാര്‍, മരുന്നുകള്‍ തുടങ്ങിയവയാണ് തങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെന്ന് ഫാല്‍ഗഡ് ഗ്രാമത്തിലെ ജനങ്ങള്‍ പറയുന്നു. ഇവ പൂര്‍ത്തീകരിച്ച ശേഷം മാത്രം മതി തങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ എന്നാണ് ഗ്രാമീണരുടെ ആവശ്യം. പദ്ധതിക്കെതിരേ 23 ഗ്രാമങ്ങളിലെ ജനങ്ങളുടെ നേതൃത്ത്വത്തിലാണ് ജനകീയ പ്രക്ഷോഭം തുടരുന്നത്. 73 ഗ്രാമങ്ങളിലൂടെ കടന്നുപോവുന്ന പാത 3000 ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഗ്രാമങ്ങളുടെ പ്രധാന ജലസ്രോതസ്സായ കുളങ്ങളുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് നഷ്ടപ്പെടുക. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഏഴുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര മൂന്നു മണിക്കൂറായി കുറയ്ക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു.
പദ്ധതിക്കായി സ്ഥലമേറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നുവെന്നും പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്നും എന്‍എച്ച്ആര്‍സിഎല്‍ അധികൃതര്‍ പറഞ്ഞു.
മുന്‍നിലപാട് തിരുത്താന്‍ തങ്ങള്‍ തയ്യാറാണ്. ഗ്രാമീണരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. കാര്യങ്ങല്‍ ബോധ്യപ്പെടുത്താന്‍  സമിതികള്‍ വിളിച്ചുചേര്‍ക്കുമെന്നും എന്‍എച്ച്ആര്‍സിഎല്‍ പ്രതിനിധി ധനഞ്ജയ്  പറഞ്ഞു.

RELATED STORIES

Share it
Top