ബുര്‍ഹാന്‍ വാനിയെക്കുറിച്ച് ലേഖനം; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെക്കുറിച്ച് ലേഖനമെഴുതിയതിനു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. “കശ്മീര്‍ നരേറ്റര്‍’ വാര്‍ത്താ മാഗസിനിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ ആസിഫ് സുല്‍ത്താനാണ് അറസ്റ്റിലായത്. സുല്‍ത്താനെ ശ്രീനഗര്‍ ജില്ലാ കോടതി ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം ബട്മാലുവിലെ വീട്ടില്‍ നിന്നാണു സുല്‍ത്താനെ അറസ്റ്റ് ചെയ്തത്. ആറുദിവസം അനധികൃത കസ്റ്റഡിയില്‍ വച്ച ശേഷം പോലിസ് സുല്‍ത്താനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സുല്‍ത്താനെതിരായ തെളിവുകള്‍ ലഭിച്ചതായും ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ചിലര്‍ക്കു സുല്‍ത്താന്‍ സഹായം ചെയ്‌തെന്നു വ്യക്തമായതായും പോലിസ് വക്താവ് പറഞ്ഞു. എന്നാല്‍ സുല്‍ത്താന്റെ അറസ്റ്റിലും അനധികൃത കസ്റ്റഡിയിലും കശ്മീര്‍ വര്‍ക്കിങ് ജേണലിസ്റ്റ് അസോസിയേഷനും കശ്മീര്‍ ജേണലിസ്റ്റ് അസോസിയേഷനും പ്രതിഷേധിച്ചു. ഞെട്ടിക്കുന്ന നടപടിയാണിതെന്നു മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെക്കുറിച്ചുള്ള വാര്‍ത്തകളെഴുതിയതിനാണു സുല്‍ത്താന്റെ അറസ്റ്റെന്നാണു വ്യക്തമാവുന്നത്. ഇതു സംബന്ധിച്ച് “കശ്മീര്‍ നരേറ്ററി’ന്റെ പുതിയ ലക്കത്തില്‍ റിപോര്‍ട്ടുകളുണ്ട്. ഇതിലെ വിവരങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നു പോലിസ് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം കസ്റ്റഡിയില്‍ പോലിസ് മോശമായി പെരുമാറുകയും എന്താണു രാഷ്ട്രീയ നിലപാടെന്ന് ആരായുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ ആരോപിച്ചു.

RELATED STORIES

Share it
Top