ബുരാരി കൂട്ട ആത്മഹത്യ: വഴിത്തിരിവായി ഡയറിക്കുറിപ്പുകള്‍

ന്യൂഡല്‍ഹി: ബുരാരി കുടുംബത്തിലെ 11 പേരുടെ കൂട്ട ആത്മഹത്യാ കേസില്‍ വഴിത്തിരിവായി മരണപ്പെട്ട ആളുടെ ഡയറിക്കുറിപ്പുകള്‍. ഗൃഹനാഥയായ നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ചുണ്ടാവ എഴുതിയ രണ്ടു ഡയറികളാണ് പോലിസിന് ലഭിച്ചത്. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം ഇത് പരിശോധിച്ച് വരികയാണ്.
2015 മുതല്‍ ലളിത് ഡയറി എഴുതിത്തുടങ്ങി എന്നാണ് കരുതുന്നത്. അധികം സംസാരിക്കാത്ത സ്വഭാവക്കാരനാണ് ലളിത്. എന്നാല്‍ ഈയിടെയായി തന്റെ മരിച്ചു പോയ പിതാവ് തന്നോട് സംസാരിക്കാറുണ്ടെന്ന രീതിയില്‍ പെരുമാറാറുണ്ടായിരുന്നു. ഡയറിയിലെ കുറിപ്പുകളുടെ ഉറവിടവും ലളിതിന്റെ ഭാവനയില്‍ നിറഞ്ഞ അച്ഛന്‍ ഗോപാല്‍ദാസ് ബാട്ടിയയുടെ നിര്‍ദേശങ്ങളാവാമെന്ന നിലപാടിലാണ് അന്വേഷണസംഘം. 10 വര്‍ഷം മുമ്പാണ് ഗോപാല്‍ ദാസ് മരിക്കുന്നത്. ഗോപാല്‍ദാസ് ലളിതിലൂടെ കുടുംബത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നെന്ന് ഇയാള്‍ വിശ്വസിച്ചിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഡയറിക്കുറിപ്പുകള്‍ പ്രകാരം കുടുംബാംഗങ്ങളെല്ലാവരും ഗോപാല്‍ ദാസിന്റെ ആത്മാവിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്. ലളിത് പറഞ്ഞ കാര്യങ്ങള്‍ കുടുംബം വിശ്വസിച്ചിരുന്നു എന്നതിനു തെളിവുകളുള്ളതായി അന്വേഷണ സംഘം പറയുന്നു. ഡയറിയിലെ അവസാന കുറിപ്പുകളിലൊന്നില്‍ അമ്മ (നാരായണി ദേവി) എല്ലാവര്‍ക്കും റൊട്ടി നല്‍കുമെന്നു പറയുന്നുണ്ട്. കൂട്ട മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള നിര്‍ദേശങ്ങളും ഡയറിയിലുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതികളും ഇതില്‍ വിവരിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഡല്‍ഹി ബുരാരിയില്‍ നാരായണ്‍ ദേവിയടക്കം 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്തത്. 77കാരിയായ നാരായണ്‍ ദേവി മരിച്ച നിലയില്‍ നിലത്തും ബാക്കിയുള്ളവര്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

RELATED STORIES

Share it
Top