ബുരാരി കൂട്ട ആത്മഹത്യകുടുംബത്തിലെ ഒരംഗം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരിയില്‍ കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ ഒരംഗം അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചതായി സംശയിച്ച് ഡല്‍ഹി പോലിസ്. ജൂലൈ ഒന്നിന് വീട്ടിലെ ഇരുമ്പു ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഭാവ്‌നേഷ് ഭാട്ടിയ (50) ആണ് അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമം നടത്തിയതായി സംശയിക്കുന്നത്. എന്നാല്‍ ശ്രമം പരാജയപ്പെട്ടു.
മരണത്തിനു പിന്നില്‍ ബാഹ്യസ്വാധീനം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ബന്ധുക്കള്‍, അയല്‍ക്കാര്‍, കുടുംബ-വ്യവസായ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 130ഓളം പേരെ അന്വേഷണ സംഘം  ചോദ്യംചെയ്തിട്ടുണ്ട്.
വീടിന്റെ മേല്‍ക്കൂരയിലെ വെന്റിലേറ്റര്‍ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലാണ് ഭാവ്‌നേഷിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഇയാളുടെ ഒരു കൈ കഴുത്തിനടുത്തായിട്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഭാവ്‌നേഷ് കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.
ഇയാളുടെ കൈയിലെ കുരുക്ക് അയഞ്ഞ നിലയിലായിരുന്നതും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നതിന് തെളിവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൊല്ലപ്പെട്ട 11 പേരില്‍ 10 പേരുടെയും മൃതദേഹം തൂങ്ങിയ നിലയിലും ഒരാളുടെ മൃതദേഹം തറയില്‍നിന്നുമാണ് ലഭിച്ചത്. എന്നാല്‍, മറ്റു മൃതദേഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാവ്‌നേഷിന്റെ വായില്‍ ഒട്ടിച്ച ടേപ്പ് പകുതിയോളം ഊരിക്കളഞ്ഞ നിലയിലാണ്. മാത്രമല്ല, ഇയാളുടെ കാലുകള്‍ നിലത്തു മുട്ടിയിരുന്നു. കഴുത്തില്‍ കരുക്ക് മുറുകിയപ്പോള്‍ രക്ഷപ്പെടാനായി ഇയാള്‍ നിലത്തുനില്‍ക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് നിഗമനം.

RELATED STORIES

Share it
Top