ബുദ്ധമതം സ്വീകരിക്കുന്ന ദലിതുകള്‍ക്ക് ഭീഷണി

ഹിസാര്‍: സാമൂഹികഭ്രഷ്ട് രൂക്ഷമായതോടെ ബുദ്ധമതം സ്വീകരിക്കുന്ന ദലിതുകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബട്ട്‌ല ഗ്രാമത്തിലെ ദലിതുകളാണ് സവര്‍ണരുടെ ഭീഷണിക്കും പീഡനത്തിനും ഇരയാവുന്നത്. കഴിഞ്ഞ ജൂലൈ മുതലാണ് ദലിതുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയത്. സവര്‍ണര്‍ ഭ്രഷ്ട് കല്‍പ്പിച്ചതോടെ ദലിത് സമൂഹത്തിന് ഗ്രാമത്തില്‍ കച്ചവടം, മറ്റു തൊഴില്‍ എന്നിവയ്ക്കു കഴിയാതെയായി. വളര്‍ത്തുമൃഗങ്ങളെ വിറ്റാണ് പലരും പട്ടിണിയെ അതിജീവിക്കുന്നത്. ദലിതുകള്‍ക്ക് ജോലി നല്‍കാനും ആരും തയ്യാറാവുന്നില്ല.  ദലിതുകള്‍ താമസിക്കുന്ന മേഖലയിലെ വെള്ളവും വെളിച്ചവും മൂന്നുമാസമായി മുടങ്ങി. ഇതുവരെയും അധികൃതര്‍ പ്രശ്‌നം പരിഹരിച്ചിട്ടില്ല.
ഭ്രഷ്ട് രൂക്ഷമായതോടെ പോലിസ്, ജില്ലാ ഭരണകൂടം എന്നിവരെ ഉള്‍പ്പെടുത്തി സര്‍വകക്ഷി കമ്മിറ്റി രൂപീകരിച്ചെങ്കിലും കമ്മിറ്റി യോഗങ്ങള്‍ പലപ്പോഴും പ്രഹസനമാവാറാണ് പതിവ്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ദലിത് സംഘടനയുടെ നേതൃത്വത്തില്‍ മിനി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ബട്ട്‌ല ദലിത് സംഘര്‍ശ് സമിതിയാണ് പ്രതിഷേധം സംഘടിപ്പി—ച്ചത്.
ഭ്രഷ്ടുമായി ബന്ധപ്പെട്ടു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ദലിത് നേതാക്കള്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന്, കോടതി ഉത്തരവു പ്രകാരം ഗ്രാമം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥന് തെറ്റായ വിവരങ്ങളാണ് ജില്ലാ ഭരണകൂടം നല്‍കിയതെന്നും ദലിത് നേതാക്കള്‍ പറഞ്ഞു. ദലിതുകള്‍ ഇതിനോടകം തന്നെ പ്രദേശം വിട്ടുപോവുന്നതടക്കമുള്ള വിഷയങ്ങള്‍ ആലോചിച്ചുവരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്റെ ദലിത്‌വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ്് ഗ്രാമത്തിലെ ദലിതുകള്‍ ബുദ്ധമതം സ്വീകരിക്കുന്നത്. 120 ദലിതുകള്‍ നേരത്തേ ബുന്ദമതം സ്വീകരിച്ചിരുന്നു.

RELATED STORIES

Share it
Top