ബുഖാരി വധം: നാലാമത്തെ പ്രതിയുടെ ചിത്രവും പുറത്ത് വിട്ടു

ശ്രീനഗര്‍ : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ശുജാത് ബുഖാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നാലാമത്തെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പോലിസ് പുറത്തുവിട്ടു. വെളുത്ത വസ്ത്രമണിഞ്ഞ, താടിയുള്ള പുരുഷന്റെ ചിത്രമാണ് പോലിസ് പുറത്തുവിട്ടത്. ബുഖാരി വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ഇയാള്‍ വാഹനത്തിനു സമീപമെത്തി മൃതദേഹങ്ങള്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. വാഹനത്തില്‍നിന്ന് ഇയാള്‍ ഒരു പിസ്റ്റള്‍ വലിച്ചെടുത്തശേഷം രക്ഷപ്പെടുകയായിരുന്നെന്നും പോലിസ് പറഞ്ഞു. ഇയാള്‍ ശ്രീനഗര്‍ സ്വദേശി തന്നെയാണെന്നാണ് കരുതുന്നത്.നേരത്തെ ബൈക്കില്‍ പോവുന്ന മൂന്നുപേരുടെ ചിത്രങ്ങളാണ് പോലിസ് പുറത്തുവിട്ടിരുന്നത്. മൂന്ന് പേരും മുഖം മറച്ചിരിക്കുകയാണ്. പള്‍സര്‍ ബൈക്കിലുള്ള ഇവരുടെ കൈവശം ഒരു സഞ്ചിയുമുണ്ട്. ഇതില്‍ ബുഖാരിയെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സംശയിക്കുന്നതായും പോലിസ് പറഞ്ഞിരുന്നു.
ബൈക്ക് ഓടിക്കുന്ന വ്യക്തി ഹെല്‍മറ്റും, മറ്റ് രണ്ട് പേര്‍ തുണികൊണ്ടുമാണ് മുഖം മറച്ചിട്ടായിരന്നു ഉണ്ടായിരുന്നത്. അക്രമികളെ കണ്ടെത്താന്‍ പൊതു ജനങ്ങള്‍ സഹായിക്കണമെന്നും ചിത്രം പുറത്തുവിട്ടുകൊണ്ട് കശ്മീര്‍ മേഖലാ പോലിസ് അഭ്യര്‍ത്ഥിച്ചു. ശ്രീനഗറില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ലാല്‍ ചൗക്കിലെ തിരക്കേറിയ പ്രസ് എന്‍ക്ലേവിലെ തന്റെ ഓഫിസില്‍ വാഹനത്തില്‍ വന്നിറങ്ങിയുടനെ അക്രമികള്‍ ബുഖാരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തില്‍ ബുഖാരിയുടെ ഒരു അംഗരക്ഷകനും മരിച്ചു. വെടിയേറ്റ മറ്റൊരു അംഗരംക്ഷകന്റെ നില ഗുരുതരമാണ്.2000ലുണ്ടായ ഒരു ആക്രമണത്തെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് അംഗരക്ഷകരെ ഏര്‍പ്പെടുത്തിയത്.

RELATED STORIES

Share it
Top