ബീഹാറില്‍ കൂട്ട മാനഭംഗം; സംഭവം സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍

ബീഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പതിനാറ് പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായി. ഒരു പെണ്‍കുട്ടിയെ കാണാതായി. അഭയകേന്ദ്രത്തിന്റെ ചുമതലക്കാര്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റില്‍. ഒരു സാന്നദ്ധ സംഘടന നടത്തിയ കൗണ്‍സിലിങ്ങിലാണ് ക്രൂരത പുറംലോകമറിഞ്ഞത്. മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 50 പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ ഏഴുവയസ്സുകാരി ഉള്‍പ്പെടെ പതിനാറ് പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. പട്‌ന മെഡിക്കല്‍ കോളജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പതിനാറ് പേരും ക്രൂരമായ ലൈംഗിഗ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്നുണ്ട്.
പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കലായിരുന്നു അഭയകേന്ദ്രത്തിലെ ആളുകള്‍ ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം, അഭയകേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായതായും പരാതിയുണ്ട്. രണ്ടാഴ്ച മുമ്പാണ് അന്തേവാസികളില്‍ ഒരാളെ കാണാതാകുന്നത്. പീഡനശ്രമം ചെറുക്കവെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജീവനക്കാര്‍ തന്നെ കൊന്നതാണെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top