ബീരിച്ചേരി മേല്‍പാലം: ഭൂമി ഏറ്റെടുക്കല്‍ മൂന്നുമാസത്തിനകം ആരംഭിക്കും

തൃക്കരിപ്പൂര്‍: നിര്‍ദ്ദിഷ്ട ബീരിച്ചേരി മേല്‍പ്പാലം പണിയുന്നതിനായി ഭൂമി ഏറ്റടുക്കല്‍ നടപടി മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും. കിഫ്ബിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിര്‍മിക്കുന്ന 36 മേല്‍പാലങ്ങളില്‍ നടപടി പൂര്‍ത്തിയാക്കിയവയില്‍ ബീരിച്ചേരിയാണ് ആദ്യം.
ഒരു വര്‍ഷം മുമ്പ് തന്നെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ അലൈന്‍മെന്റും വിശദ പരിശോധന റിപോര്‍ട്ടും (ഡിപിആര്‍) തയ്യാറാക്കി ജില്ലാ കലക്ടര്‍ക്കും റെയില്‍വേക്കും സമര്‍പ്പിച്ചതാണ് ബീരിച്ചേരിക്ക് മുന്തിയ പരിഗണന ലഭിക്കാനിടയാക്കിയത്. 2017 ജൂലൈ 22നാണ് ഡിപിആര്‍ തയ്യാറാക്കുന്നതിന് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ബീരിച്ചേരിയിലെത്തിയത്. 36.24 കോടിയാണ് മേല്‍പാലത്തിന്റെ ചെലവ്. നിലവിലെ ലെവല്‍ ക്രോസ് നിലനിര്‍ത്തി കൊണ്ട് വാഹന ഗതാഗതം തടസപ്പെടാത്ത രീതിയിലായിരിക്കും നിര്‍മാണം. 95 സെന്റ് ഭൂമിയാണ് പുതുതായി ഏറ്റടുക്കേണ്ടി വരിക. 8.56 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചിട്ടുള്ളത്.
ബാക്കി 28 കോടി രൂപയാണ് പാലത്തിന് ചെലവ്. 18 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി സൗകര്യം ഒരുക്കണം. കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 3.13 കോടി, ഭൂമിക്ക് 4.5 കോടി എന്നിങ്ങനെയാണ് നീക്കിവച്ചിട്ടുള്ളത്. ഇരു വശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 10.2 മീറ്റര്‍ വീതിയിലാണ് മേല്‍പ്പാലം പണിയുക. ട്രാക്കിന് മുകളിലുള്ള 47 മീറ്റര്‍ ഭാഗം റെയില്‍വെ നേരിട്ട് നിര്‍മിക്കും.
439 മീറ്റര്‍ നീളമുള്ള പാലത്തില്‍ 207 മീറ്റര്‍ വൈഎംസിഎ ഭാഗത്തും 184 മീറ്റര്‍ തൃക്കരിപ്പൂര്‍ ഭാഗത്തുമാണ് നിര്‍മിക്കുക. 80 ശതമാനം ഭൂമി ഏറ്റടുക്കല്‍ പൂര്‍ത്തിയായാല്‍ മാത്രമെ ടെന്‍ഡര്‍ നടപടി ആരംഭിക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കലിനുള്ള നടപടി സ്വ ീകരിക്കണമെന്ന് സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2015 ലെ റെയില്‍ ബജറ്റിലാണ് ബീരിച്ചേരി മേല്‍പാലം അനുവദിച്ചത്, 2016ല്‍ വെള്ളാപ്പ് റോഡ്, ഉദിനൂര്‍ എന്നിവിടങ്ങളില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ നടപടിയായി.  മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. വെള്ളാപ്പ്, ഉദിനൂര്‍ പാലങ്ങളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ല. മൂന്ന് കിലോമീറ്ററിനുള്ളില്‍ മൂന്ന് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തീരദേശ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും പുതിയ വെളിച്ചമാകും.

RELATED STORIES

Share it
Top