ബീമാ- കോര്‍ഗാവോണ്‍ പ്രക്ഷോഭത്തിന്റെ പേരില്‍ വ്യാപക റെയ്ഡ്

മുംബൈ: ജനുവരിയില്‍ ബീമാ-കൊര്‍ഗാവോണ്‍ യുദ്ധത്തിന്റെ 200ാമാണ്ട് ആചരിക്കുന്നതിനിടയില്‍ ദലിതരും ഹിന്ദുത്വ വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്നു ചരടുവലിച്ചു എന്നാരോപിച്ചു മഹാരാഷ്ട്ര പോലിസ് പൂനെയിലും നാഗ്പൂരിലും വ്യാപക റെയ്ഡ്.
പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീര്‍ കലാമഞ്ച് നേതാവായ ജ്യോതി ജഗ്തവ്്, ദലിത് പാന്തര്‍ നേതാവ് സുധീര്‍ ദവാലെ, മനുഷ്യാവകാശപ്രവര്‍ത്തകയായ ഹര്‍ഷലി വോട്ധര്‍, സി ആര്‍ പി വി ജനറല്‍ സെക്രട്ടറി റോണ വില്‍സന്‍, നാഗ്പൂര്‍ ജയിലില്‍ കിടക്കുന്ന ഡോ. സായ്ബാബയുടെ കേസ് വാദിക്കുന്ന അഡ്വ. സുരേന്ദ്ര ഗാസ്‌ലിങ് തുടങ്ങിയവരുടെ വീടുകളും ഓഫിസുകളുമാണ് റെയ്ഡ് ചെയ്തു രേഖകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തത്.
സംഘപരിവാരവുമായി അടുത്ത ബന്ധമുള്ള സംബാജി ഭിഡെ, മിലിന്ദ് എക്‌ബോട്ടെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൈയേറ്റത്തില്‍ പ്രതിഷേധിച്ചു ദലിതുകളും മുസ്‌ലിംകളും പിന്നാക്ക വിഭാഗങ്ങളും ചേര്‍ന്നാഹ്വാനം ചെയ്ത ബന്ദില്‍, അക്രമത്തിനു പ്രേരിപ്പിച്ചു എന്നാരോപിച്ചു നൂറുകണക്കിനാളുകളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജിഗ്്‌നേഷ് മേവാനിയടക്കമുള്ള നേതാക്കളുടെ പേരില്‍ പോലിസ് കേസെടുത്തു. അതിന്റെ തുടര്‍ച്ചയെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ റെയ്ഡുകള്‍.
അതേയവസരം ദലിതുകളെ ആക്രമിച്ചവരുടെ പേരില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടുമില്ല.

RELATED STORIES

Share it
Top