ബീമാപള്ളി വെടിവയ്പ്: നീതി നിഷേധത്തിന് ഒമ്പതാണ്ട്

തിരുവനന്തപുരം: ബീമാപള്ളിയില്‍ നടന്ന പോലിസ് വെടിവയ്പിന് ഇന്ന് ഒമ്പതാണ്ട് തികയുന്നു. 2009 മെയ് 17നാണ് ബീമാപള്ളിയില്‍ വെടിവയ്പ് നടന്നത്. നിരപരാധികള്‍ക്കുനേരെ പോലിസ് നടത്തിയ വെടിവയ്പില്‍ പൊലിഞ്ഞത് ആറു ജീവനാണ്.  പരിക്കേറ്റത് അമ്പതോളം പേര്‍ക്ക്.  ഒരു സാമൂഹ്യവിരുദ്ധന്റെ ഗുണ്ടായിസത്തെ യഥാവിധി നേരിടാത്ത നിഷ്‌ക്രിയരായ പോലിസിന്റെ നിരുത്തരവാദിത്വത്തിനെതിരേ സംഘടിച്ച പ്രദേശവാസികളെ തോക്കുകൊണ്ട് നേരിടുകയായിരുന്നു പോലിസ്.
കൊമ്പ് ഷിബു എന്നയാള്‍ ബീമാപള്ളി ചെറിയതുറ പ്രദേശത്തു നടത്തിയ അതിക്രമങ്ങള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടും പ്രത്യേകിച്ച് നടപടികളൊന്നുമുണ്ടാവാതിരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ അയാള്‍ക്കെതിരെ സംഘടിക്കുന്ന സാഹചര്യമുണ്ടാവുകയും ഇത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയുമായിരുന്നു.
വെടിവയ്പിനെ ന്യായീകരിക്കാന്‍ പോലിസ് തുടക്കം മുതല്‍ വര്‍ഗീയ കലാപകഥകളാണ് അഴിച്ചുവിട്ടത്. വെടിവയ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് ഇന്നും ഫയലുകളില്‍ കിടന്നു ചിതലരിക്കുകയാണ്. മുന്നറിയിപ്പുകളില്ലാതെ വെടിയുതിര്‍ത്ത പോലിസുകാര്‍ക്കെതിരേ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. കൊല്ലപ്പെട്ടവര്‍ക്കോ അതിക്രമത്തില്‍ പരിക്കേറ്റവര്‍ക്കോ നഷ്ടപരിഹാരമോ നീതിയോ ലഭ്യമായിട്ടില്ല. അസി. പോലിസ് കമ്മീഷണര്‍ സി ജി സുരേഷ്‌കുമാര്‍, ഡിവൈഎസ്പി ഇ ശറഫുദ്ദീന്‍ എന്നിവരാണ് വെടിവയ്പിന് നേതൃത്വം നല്‍കിയത്. വെടിവയ്പിന് ഒമ്പതുവര്‍ഷം തികയുമ്പോള്‍ മുസ്‌ലിം സംഘടനകളുടെ ഒറ്റപ്പെട്ട സമരപ്രതിഷേധമല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ നീതീനിഷേധത്തെ മറന്ന മട്ടാണ്.

RELATED STORIES

Share it
Top