ബീഫ് ഫെസ്റ്റ് നടത്തി സിപിഎം; ബീഫ് വില്‍പനയ്‌ക്കെതിരേ ബിജെപി ഹര്‍ത്താല്‍കൊല്ലം: ബീഫ് വില്‍പനയ്‌ക്കെതിരേ ഹര്‍ത്താലുമായി ബിജെപി. ബീഫ് ഫെസ്റ്റ് നടത്തി സിപിഎമ്മും പ്രതിഷേധിച്ചു. കൊല്ലം ജില്ലയിലെ നെടുമ്പന പഞ്ചായത്തില്‍പെട്ട നല്ലിലയിലാണ് സംഭവം. കാലങ്ങളായി നല്ലില ചന്തയില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് വില്‍പന കേന്ദ്രത്തിനെതിരേയാണ് ബിജെപിയുടെ ഹര്‍ത്താല്‍. നെടുമ്പന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചന്ത. എന്നാല്‍, ഇവിടെ ബീഫ് വില്‍പനശാലയ്ക്ക് ലൈസന്‍സ് ഇല്ലാതിരുന്നിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ബീഫ് വില്‍പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കടയ്ക്ക് മുന്നില്‍ കൊടിക്കുത്തുകയും ചെയ്തിരുന്നു. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന ബിജെപി നിലപാട് അംഗീകരിക്കില്ലെന്നു കാട്ടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ ബീഫ് വില്‍പന നടത്തി. തുടര്‍ന്ന് ബീഫ് കട പൂട്ടി, നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ബിജെപി നല്ലിലയില്‍ ഹര്‍ത്താല്‍ നടത്തുകയായിരുന്നു. ഇതിനെതിരേ ജങ്ഷനില്‍ ബീഫും കപ്പയും വിതരണം ചെയ്ത് സിപിഎമ്മും പ്രതിഷേധിച്ചു.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ബീഫ് വില്‍പന നടക്കുന്ന മാര്‍ക്കറ്റാണ് നല്ലിലയിലേത്.

RELATED STORIES

Share it
Top