ബീഫിന്റെ പേരില്‍ അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ചുകൊന്ന കേസില്‍ ബിജെപി നേതാവടക്കം 11 പേര്‍ കുറ്റക്കാര്‍;വിധി 20ന്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ രാംഗറില്‍ പശുവിറച്ചി കടത്തിയെന്ന് ആരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവടക്കം 11 പേര്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി. ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മെഹാതോ ഉള്‍പ്പെടെയുള്ള 11 ഗോരക്ഷാ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് രാംഘഡ് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 20ന് പ്രഖ്യാപിക്കും. ഇത് ആദ്യമായാണ് രാജ്യത്ത് ഗോരക്ഷയുടെ പേരിലുള്ള കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാക്കാരെന്ന് കോടതി വിധിക്കുന്നത്.ആക്രമണം ആസൂത്രിതമായിരുന്നുവെന്നു കണ്ടത്തിയ കോടതി പ്രതികള്‍ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ ജൂണ്‍ 29നാണ് വാനില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയെ  ബിജെപി നേതാവ് നിത്യാനന്ദ് മഹാതോയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അലിമുദ്ദീനിന്റെ വാഹനവും അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു. അക്രമികള്‍ അന്‍സാരിയെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചിരുന്നു.ഈ കൊലപാതകത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്ഷകരുടെ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.
കേസിന്റെ വിചാരണ ഘട്ടത്തില്‍ അല്ലിമുദ്ദീനിന്റെ സഹോദരന്‍ ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുരേഖ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതും വിവാദത്തിനിടയാക്കിയിരുന്നു. കേസില്‍ മൊഴി നല്‍കാന്‍ തിരിച്ചറിയല്‍ രേഖ എടുത്ത് കോടതിയിലേക്ക് പോകും വഴി വാഹനമിടിച്ചാണ് ജുരേഖ കൊല്ലപ്പെട്ടത്. ജുരേഖയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top