ബീച്ച് പദ്ധതിയെക്കുറിച്ചറിയാന്‍ എസ്‌സിഇആര്‍ടി സംഘമെത്തി

ചാവക്കാട്: മന്ദലാംകുന്ന് ജിഎഫ്‌യുപി സ്‌കൂളിലെ ‘ബീച്ച്(ബില്‍ഡ് ഇംഗ്ലീഷ് എഫിഷ്യന്‍സി എമംങ് ചില്‍ഡ്രന്‍) പദ്ധതിയെക്കുറിച്ചറിയാന്‍ എസ്‌സിഇആര്‍ടി(സ്‌റ്റേറ്റ് കൗണ്‍സി ല്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്)സംഘം സ്‌കൂളിലെത്തി.
മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍നിന്ന് സംസ്ഥാനതലത്തില്‍ 25 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തതില്‍ ജില്ലയില്‍നിന്ന് മന്ദലാംകുന്ന് സ്‌കൂളിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാനായി അധ്യാപകരുടെയും പിടിഎ, എസ്എംസി കമ്മിറ്റികളുടെയും പിന്തുണയില്‍ രണ്ടു വര്‍ഷമായി പദ്ധതി നടന്നുവരുന്നു. ഈ പദ്ധതിയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഈ പദ്ധതിക്ക് ജില്ലാ തലത്തില്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് ഫെസ്റ്റ്, ക്ലബ്ബ് എഫ്എം, ഇംഗ്ലീഷ് അസംബ്ലി,ഹലോ ഇംഗ്ലീഷ്, മാഗസിന്‍, ഇംഗ്ലീഷ് ക്യാംപ്, ഇംഗ്ലീഷ് തിയേറ്റര്‍,കോറിയോഗ്രാഫി, സ്‌റ്റോറി,ഇംഗ്ലീഷ് ഗെയിംസ്, ഡ്രാമ,ഇംഗ്ലീഷ് പഠന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ക്ലാസ് റൂം,നാച്ച്വര്‍ വാക്ക്, പ്രദേശത്തെ റിസോര്‍ട്ടുകള്‍ സന്ദര്‍ശിച്ച് വിദേശികളുമായുള്ള ഇന്റര്‍വ്യൂ തുടങ്ങിയ പദ്ധതികളും നടന്നുവരുന്നു. തൃശൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി ടി ജയറാം, ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ട്യൂട്ടര്‍ എന്‍ എസ് വിനിജ, ഹരി സെന്തില്‍ പാലക്കാട്, ജോഷി പൊന്നാനി എന്നിവരാണ് എസ്‌സിഇആര്‍ടി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ടി എ ആയിഷ, പ്രധാനാധ്യാപിക പി എസ് മോളി, പിടിഎ പ്രസിഡന്റ് പി കെ സൈനുദ്ദീന്‍, വി ഷെമീര്‍, അസീസ് മന്ദലാംകുന്ന്, ഒഎസ്എ പ്രതിനിധികളായ പി എ നസീര്‍,യൂസഫ് തണ്ണി തുറയ്ക്കല്‍, അധ്യാപകന്‍ ഇ പി ഷിബു, വത്സല സംഘത്തെ സ്വീകരിച്ചു.

RELATED STORIES

Share it
Top