ബീച്ച് കോറിഡോര്‍ പദ്ധതി പാളുന്നു; ഒരുവര്‍ഷമായിട്ടും തുടങ്ങിയില്ല

നിഖില്‍  എസ്   ബാലകൃഷ്ണന്‍
കൊച്ചി: ഗോവന്‍ നിലവാരത്തിലേക്ക് കൊച്ചിയിലെ ബീച്ചുകളെ എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പാക്കാന്‍ ഉദേശിച്ച ബീച്ച് കോറിഡോര്‍ പദ്ധതി പാളുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച് ഒരുവര്‍ഷം പിന്നിടുമ്പോഴും പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങി. പ്രഖ്യാപിച്ചതു മുതല്‍ ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങള്‍ മാത്രമാണു പദ്ധതിക്കുണ്ടായത്.
ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ പുതുവൈപ്പ് ബീച്ചില്‍ പദ്ധതി ഒൗദ്യോഗികമായി ആരംഭിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചെങ്കിലും നടപടികളെങ്ങുമെത്തിയില്ല. വൈപ്പിന്‍, മുനമ്പം, ചെറായി, കുഴുപ്പിള്ളി തുടങ്ങി കൊച്ചിയിലെ ഒമ്പത് ബീച്ചുകള്‍ കേന്ദ്രീകരിച്ച് ഗ്രാമസഞ്ചാരത്തിനുള്ള ഇടനാഴിയാക്കി മാറ്റുന്നതായിരുന്നു പദ്ധതി. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപാര്‍ട്ട്‌മെന്റിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല കൈമാറിയത്. ഏറെ സാധ്യതകളുള്ള ബീച്ച് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായിരുന്നു ബീച്ച് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചത്.
ഇതിനു മികച്ച മാതൃകയായ ഗോവയെ ഉദാഹരണമാക്കി ബീച്ചുകളെ നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, കാര്യങ്ങള്‍ വേണ്ടപോലെ നടപ്പായില്ല. ഗോവയിലുള്ള അത്രയും എണ്ണം ബീച്ചുകള്‍ കൊച്ചിയിലുമുണ്ട്. എന്നാല്‍, ബീച്ച് ടൂറിസത്തിന് ഇന്നും അവസാന വാക്ക് ഗോവയാണ്. കൊച്ചിയെയും ആ നിലവാരത്തിലേക്ക് എത്തിക്കുകയായിരുന്നു ബീച്ച് കോറിഡോര്‍ പദ്ധതിയുടെ ലക്ഷ്യം. 2017 ജൂലൈ-ആഗസ്ത് മാസങ്ങളില്‍ തുടങ്ങാനിരുന്ന പദ്ധതി ഒരുവര്‍ഷത്തോടടുക്കുമ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെയാണ്. ആദ്യഘട്ടത്തില്‍ ബീച്ചുകളുടെ രൂപരേഖ വരച്ചുകിട്ടുന്നതിലെ കാലതാമസമായിരുന്നു തടസ്സം. അതു മാറിയപ്പോള്‍ തീരദേശ നിയന്ത്രണ നിയമങ്ങള്‍ പദ്ധതിക്കു പാരയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തീരദേശ നിയന്ത്രണ നിയമങ്ങള്‍ ബാധകമാണ്. നിയമത്തില്‍ ഓരോ മേഖലകള്‍ക്കനുസരിച്ചു ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും വേര്‍തിരിച്ച് എടുത്തുകാണിക്കുന്നുണ്ട്. അവ കൃത്യമായി പരിശോധിച്ച് ലംഘനങ്ങളില്ലെന്ന് ഉറപ്പുവരുത്തിയിട്ടു വേണം പദ്ധതിയുമായി മുന്നോട്ടുപോവാന്‍.
അനുമതിക്കായി പദ്ധതിരേഖ അയച്ചുകൊടുക്കുമ്പോള്‍ അവര്‍ പരിശോധിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അനുമതി നല്‍കാന്‍ കാലതാമസം എടുക്കുന്നതും പദ്ധതിക്കു തിരിച്ചടിയായി. അതുകൊണ്ട് തീരദേശ നിയന്ത്രണ നിബന്ധനകള്‍ക്കനുസരിച്ച് പദ്ധതിയില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ. നിബന്ധനകള്‍ പാലിച്ചാണ് നിര്‍മാണമെങ്കില്‍ അവരുടെ അനുമതിക്കായി കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. പദ്ധതിയില്‍ മാറ്റംവരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വകുപ്പുതലത്തില്‍ യോഗം ചേരുന്നുണ്ടെന്നാണു വിവരം. നിലവില്‍ ഭക്ഷണശാലകള്‍, പാര്‍ക്കിങ് സൗകര്യം, ശൗചാലയം, ഉന്നത നിലവാരത്തിലുള്ള നടപ്പാതകള്‍, ലഘുഭക്ഷണശാലകള്‍ തുടങ്ങിയവയാണു പദ്ധതിയിലുള്ളത്. ഓരോ ബീച്ചിനും നാലരക്കോടി രൂപയാണ് ഇതിനായി വിനോദസഞ്ചാര വകുപ്പ് മാറ്റിവച്ചിരിക്കുന്നത്.
ബീച്ചുകളുള്ള സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും പദ്ധതി തുടങ്ങാന്‍ ആവശ്യമാണ്. 2017 അവസാനിക്കുന്നതു വരെ അഞ്ച് പഞ്ചായത്തുകളുടെ അനുമതിയാണു ലഭിച്ചിരുന്നത്.
ഇപ്പോള്‍ മുഴുവന്‍ പഞ്ചായത്തുകളും പദ്ധതിക്ക് പച്ചക്കൊടി വീശിയിട്ടുണ്ട്. പക്ഷേ, പുതുവൈപ്പ് ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ അനുമതി വൈകുകയാണ്. എന്നാല്‍, അഞ്ച് ബീച്ചുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ബാക്കിയുള്ളവയ്ക്കുള്ള ടെന്‍ഡറും ആവശ്യമായ അനുമതികളും നേടി മൂന്നുമാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാനാവുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൂട്ടല്‍.

RELATED STORIES

Share it
Top