ബി ഡി ദേവസ്സി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു

ചാലക്കുടി: ദേശീയപാത നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ബി ഡി ദേവസ്സി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും എന്‍എച്ച്എഐ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഈസ്റ്റ് സ്‌കൂളിന് മുന്നിലെ കാനയും ബസ് സ്റ്റാന്റിന് മുന്നിലെ കാനകളും അടിയന്തിരമായി അറ്റകുറ്റ പണികള്‍ നടത്താന്‍ തീരുമാനിച്ചു. അശാസ്ത്രീയമായ കാനനിര്‍മ്മാണത്തെ തുടര്‍ന്ന് ഇവിടെ വെള്ളകെട്ട് അനുഭവപ്പെടുന്നുണ്ടെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാറാരോഗങ്ങള്‍ പടരുന്നതായും വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി അറിയിച്ചു. അശാസ്ത്രീയമായ കാന നിര്‍മാണത്തെ തുടര്‍ന്ന് മഴവെള്ളവും മാലിന്യവും ഈ കാനകളിലാണെ കെട്ടികിടക്കുന്നത്.
ഇതിന് ഉടന്‍ പരിഹാരം കാണാനായി നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കോണ്‍വെന്റ് റോഡിന് സമീപം സര്‍വ്വീസ് റോഡിലെ അശാസ്ത്രീയ നിര്‍മ്മാണം മൂലം ഇറിഗേഷന്‍ കനാലിലൂടെ വെള്ളം തുറന്ന് വിടാനാകുന്നില്ലെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനാലില്‍ വെള്ളം തുറന്ന് വിടാത്തതിനെ തുടര്‍ന്ന് പലപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളതായും ഇവര്‍ പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കും. എന്നാല്‍ ദേശീയപാതയിലെ കാനകള്‍ മഴവെള്ളം ഒഴുകിപോകാനായുള്ളതാണെന്നും എന്നാല്‍ സൗത്ത് ജംഗ്ഷനില്‍ ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങളടക്കം ഈ കാനകളിലേക്കാണ് നേരിട്ട് ഒഴുക്കി വിടുന്നതെന്നും ഇത് നിര്‍ത്തലാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് എന്‍.എച്ച്.എ.ഐ.ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ഭരണപക്ഷ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ പി. എം.ശ്രീധരന്‍, കൗണ്‍സിലര്‍മാരായ കെ.എം.ഹരിനാരായണന്‍, വി.സി.ഗണേശന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top